തൃക്കാക്കര വ്യാജരേഖ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

0
128

കൊച്ചി: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി ഷാജൻ സ്കറിയയെ ചോദ്യം ചെയ്ത് ഇന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കാനും നിർദ്ദേശിച്ചു.

അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റം തൃക്കാക്കര പൊലീസ് എടുത്ത വ്യാജ രേഖ കേസിൽ ഇല്ലെന്ന് നിരീക്ഷിച്ചാണ് ഷാജൻ സ്കറിയെ ഇന്ന് തന്നെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. മൂന്ന് വർഷം മുൻപ് നടന്ന് സംഭവത്തിൽ റജിസ്ട്രാർ ഓഫ് കമ്പനീസ് പരാതി പോലും നൽകിയിട്ടില്ല. മൂന്നാമതൊരു കക്ഷിയാണ് പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ തിടുക്കം കാട്ടിയെന്നും എറണാകുളം അഡിഷണൽ സെഷൻസ് ജഡ്ജ് പികെ മോഹൻദാസ് നിരീക്ഷിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയാണ് ഷാജൻ സ്കറിയയോട് നിലമ്പൂരിൽ ഹാജരാകാൻ നിർദ്ദേശിച്ചത്. മാത്രമല്ല ജില്ലാ കോടതിയുടെ പരിഗണനയിലാണ് മുൻകൂർ ജാമ്യ ഹർജി. കോടതി ഉത്തരവിനെ പരിഹസിക്കുകയാണ് പൊലീസ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയത് കൊണ്ട് മുൻകൂർ ജാമ്യ ഹർജി ഇല്ലാതാകില്ലെന്ന് നിരീക്ഷിച്ച കോടതി പൊലീസിന്‍റെ ദുരുദ്ദേശം ഈ നടപടിയിൽ വ്യക്തമാണെന്നും ഉത്തരവിൽ പറഞ്ഞു. ആഭ്യന്തര കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസെടുത്ത കേസിലും കോടതി ഷാജൻ സ്കറിയയക്ക് മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here