മുന്നറിയിപ്പ് വെറുതെയായില്ല; ഇനി പിഴയടയ്ക്കാം, കേരളാ പൊലീസിനും പണികൊടുത്ത് വാട്ടർ അതോറിറ്റി

0
48

ആലപ്പുഴ: എടത്വാ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച് വാട്ടർ അതോറിറ്റി. കുടിവെള്ള ചാർജ് കുടിശ്ശിക വരുത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നിലവിൽ 33 പൊലീസ് ഉദ്യോഗസ്ഥരുള്ള പൊലീസ് സ്റ്റേഷനിനെതിരെയാണ് വാട്ടർ അതോറിറ്റി അധികൃതർ കർശന നടപടി സ്വീകരിച്ചത്. വാട്ടർ ബില്ലിൽ കുടിശ്ശിക വരുത്തിയാൽ ഇളവ് പ്രതീക്ഷിക്കേണ്ട എന്ന് വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരടക്കം സേവനമനുഷ്ടിക്കുന്ന എടത്വാ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലെ കണക്ഷൻ വിച്ഛേദിച്ചത്.

വാട്ടർ ബിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കുമെന്നും അനന്തര നടപടികൾ കൂടി പൂർത്തിയാക്കിയാൽ മാത്രമേ കണക്ഷൻ പുനഃസ്ഥാപിക്കു എന്നും വാട്ടർ അതോറിറ്റി നേരത്തെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. വാട്ടർ ചാർജ് പരിഷ്കാരത്തിന് പിന്നാലെ ബിൽ കുടിശ്ശിക വരുത്തുന്ന പ്രവണത വർദ്ധിച്ചതോടെയാണ് കർശന നടപടി സ്വീകരിക്കുന്നത്. അത് വരെയുള്ള കുടിശ്ശികയ്ക്കൊപ്പം പിഴ കൂടെ അടച്ചാൽ മാത്രമായിരിക്കും വാട്ടർ കണക്ഷൻ പുനഃസ്ഥാപിക്കുക.

ഉപഭോക്താക്കളിൽ നിന്ന് വാട്ടർ ചാർജ് കൃത്യമായി പിരിച്ചുകിട്ടിയില്ലെങ്കിൽ അത് കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റ പണികളടക്കം തടസത്തിലാകാൻ കാരണമാകും. പദ്ധതിയ്ക്ക് തടസം നേരിട്ടാൽ അത് ഇതുവരെ ചെലവാക്കിയ വൻതുക നഷ്ടത്തിലാകാൻ കാരണമാകും. ഇതിന് തടയിടാൻ യഥാസമയം തന്നെ ഗുണഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കണമെന്നാണ് കേന്ദ്രസർക്കാരും നിർദേശിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ബിൽ കുടിശ്ശിക നിവാരണത്തിന് കർശന നടപടി തുടരാനാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here