ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ ആശുപത്രികളില്‍ മുറിയെടുത്ത് ആരാധകര്‍

0
130

അഹമ്മദാബാദ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് നവംബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനാണ്. മത്സര ടിക്കറ്റുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരുലക്ഷത്തിലധികം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന മത്സരം കാണാനായി ആരാധകര്‍ ഇപ്പോഴെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

മത്സരം കാണാനായി എത്തുന്ന ആരാധകര്‍ മുറികള്‍ കൂട്ടമായി ബുക്ക് ചെയ്തതോടെ മത്സരത്തലേന്ന് ആഹമ്മദാബാദില്‍ ഹോട്ടലിലൊന്നും മുറികള്‍ കിട്ടാനില്ലെന്നും ലഭ്യമായവക്ക് വന്‍തുക വാടക ഈടാക്കുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. 50000 രൂപവരെയാണ് മുറികള്‍ക്ക് ഹോട്ടലുകള്‍ വാടകയായി ഈടാക്കുന്നത്. ഹോട്ടല്‍ മുറികള്‍ കിട്ടാത്ത സാഹചര്യത്തില്‍ മത്സരം കാണാന്‍ വ്യത്യസ്തമായ വഴി തെരഞ്ഞെടുക്കുകയാണ് ആരാധകരിപ്പോള്‍.

നരേന്ദ്ര മോദി സ്റ്റേഡിയത്തിന് സമീപമുള്ള ആശുപത്രികളില്‍ മത്സരത്തലേന്ന് മുറി ബുക്ക് ചെയ്യാനാണ് ആരാധകര്‍ ശ്രമിക്കുന്നത്. ആശുപത്രിയായതിനാല്‍ ഒക്ടോബര്‍ 14ന് ഫുള്‍ ബോഡി ചെക്ക് അപ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ മുറി ബുക്ക് ചെയ്യുന്നത്. സ്റ്റേഡിയത്തിന് സമീപത്തെ ആശുപത്രികളില്‍ മത്സരത്തലേന്ന് മുറികളുണ്ടോ എന്ന് ചോദിച്ച് നിരവധി ഫോണ്‍ കോളുകളാണ് വരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

3000 രൂപ മുതല്‍ 25000 രൂപവരെയാണ് ആശുപത്രയിലെ ഒരു മുറിക്ക് ഒരു ദിവസത്തിന് ഈടാക്കുന്നത്. രോഗിക്കും ഒരു കൂട്ടിരിപ്പുകാരനും മുറിയില്‍ കഴിയാമെന്നതിനാല്‍ രണ്ട് പേര്‍ക്ക് കൂടി മുറിവാടക പങ്കിടാമെന്ന ഗുണവുമുണ്ട്. ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിലും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. ഏഷ്യാ കപ്പ് ഫൈനലില്‍ എത്തിയാല്‍ ലോകകപ്പിന് മുമ്പ് മൂന്ന് തവണ ഇന്ത്യ-പാക് പോരാട്ടം കാണാന്‍ ആരാധകര്‍ക്കാവും. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

LEAVE A REPLY

Please enter your comment!
Please enter your name here