വീടിന് തീപിടിക്കുമ്പോള്‍, അണയ്ക്കാന്‍ വരുന്നവര്‍ കമ്മ്യൂണിസ്റ്റാണോ അല്ലയോ എന്ന് നോക്കാറുണ്ടോ- ജിഫ്രി തങ്ങള്‍

0
88

സമസ്ത ഒരു രാഷ്ട്രീയ പാർട്ടിയുടെയും ബി ടീം അല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സംഘടനയുടെ ലക്ഷ്യം വിശ്വാസികളെ ആത്മീയമായി നയിക്കുക എന്നത് മാത്രമാണെന്നും സംഘടനയ്ക്ക് എപ്പോഴും സ്വന്തം ഐഡന്റിറ്റി ഉണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടെ സംഘടനയോടോ സമസ്ത പ്രത്യേകം ആഭിമുഖ്യം കാണിക്കുന്നില്ലെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഏക വ്യക്തിനിയമത്തിനെതിരെ നടന്ന സിപിഎം സെമിനാറിൽ പങ്കെടുത്ത നടപടിയെ ന്യായീകരിച്ച തങ്ങൾ, വീട് കത്തുമ്പോൾ അത് അണയ്ക്കാൻ വരുന്നവർ കമ്മ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് നോക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ” ഏക സിവിൽ നിയമത്തിനെതിരെ സിപിഎമ്മും കോൺഗ്രസും വ്യക്തമായ നിലപാടെടുത്തിട്ടുണ്ട്. ഒരു വീട് കത്തുമ്പോൾ അത് അണയ്ക്കാൻ വരുന്ന ആളുകൾ കമ്മ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതില്ല. ഒരു ബഹുസ്വര സമൂഹത്തിൽ മത വിശ്വാസികൾ ആയവരും അല്ലാത്തവരും ഉണ്ടാകും. പൊതു ആവശ്യത്തിനായി കൈകോർക്കുന്നതിന് മതമോ മതമില്ലായ്മയോ ഒരു തടസമാകരുത്. എന്നാൽ ശരിഅ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നതെങ്കിൽ അവരെയും എതിർക്കും,” അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മറ്റ് സമസ്ത നേതാക്കളുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:സൂപ്പര്‍ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു, ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍

യുസിസിയെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസിനെന്ന് പറഞ്ഞ ജിഫ്രി മുത്തുക്കോയ തങ്ങൾ, കെ സുധാകരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അത് അവരോട് ചോദിക്കണമെന്നായിരുന്നു മറുപടി.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ” തീർത്തും തെറ്റായ കാര്യമാണത്. സിഎഎ സമരങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം വിളിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തെ പരിചയം. അതിന് മുൻപ് ചില പരിപാടികളിൽ കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ നല്ല നേതാവാണ്. ഒന്നാം പിണറായി സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് തന്നെയാവും അദ്ദേഹത്തെ കേരളത്തിലെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തത്. സിഎഎ, എൻആർസി വിഷയങ്ങളിൽ സർക്കാർ നല്ല പിന്തുണ നൽകിയിട്ടുണ്ട്, ” തങ്ങൾ ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡ് നിയമനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം നടത്താനുള്ള മുസ്ലിം ലീഗിന്റെ നീക്കത്തെ എതിർത്തത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ടാണ് എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ” പള്ളികൾ ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ വരുന്ന ഓരോരുത്തർക്കും വ്യത്യസ്ത രാഷ്ട്രീയമാണുള്ളത്. പള്ളികളെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ വേദിയാക്കുന്നതിനോട് താത്പര്യമില്ല. അത്കൊണ്ടാണ് എതിർത്തത്. ഈ വിഷയത്തിൽ ചില ഉറപ്പുകൾ തരിക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. അത് അദ്ദേഹം പാലിക്കുകയും ചെയ്തു. അല്ലാതെ ബിജെപി ആരോപണം ഉന്നയിക്കുന്നത് പോലെ അദ്ദേഹം സമസ്ത ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ചെയ്തു തരികയല്ല. അദ്ദേഹത്തിന് അത് ചെയ്യാൻ സാധിക്കില്ല. പിണറായി വിജയൻ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്,” ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മുസ്ലിം ലീഗ് നേതാക്കൾ സിപിഎമ്മിലെ മുസ്ലിം നേതാക്കളെ ലക്ഷ്യം വയ്ക്കുന്നില്ലേ എന്ന ചോദ്യത്തിന് എല്ലാ പാർട്ടികളും അവരവരുടെ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു മറുപടി. മത വിശ്വാസം തീവ്ര സ്വഭാവത്തിലേക്ക് മാറുന്നതും ഐഎസ് പോലുള്ള സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നതും ഒരിക്കലും സമസ്ത അനുവദിക്കുന്നില്ല. ഇത്തരം തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് ആളുകൾ പോകുന്നതിന് പിന്നിൽ ജമാഅത്ത് ഇസ്ലാമി പോലുള്ള സംഘടനകൾക്ക് പങ്കുണ്ടോ എന്ന് ചോദിച്ചപ്പോൾ സമസ്തയ്ക്ക് പങ്കില്ല എന്ന് മാത്രമേ തനിക്ക് പറയാനാകൂ എന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

ജമാഅത്തും എസ്ഡിപിഐയും പോലുള്ള പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ അല്ല കേരളത്തിലെ മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നത്. സമസ്തയാണ് കേരളത്തിലെ മുസ്ലിങ്ങളുടെ മുഖവും ശബ്ദവും. അതിൽ യാതൊരു സംശയവുമില്ല, ജിഫ്രി തങ്ങൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here