മുട്ടയില്ലാതെ ഓംലെറ്റടിക്കാമോ…? പൊളിയാണ് അര്‍ജുന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ഐഡിയ

0
299

മലപ്പുറം: ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കിൽ ഉള്ളിയും പച്ചമുളകും ഇട്ടാൽ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീൻ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് രാമനാട്ടുകര സ്വദേശി അർജുൻ.

‘ക്വീൻസ് ഇൻസ്റ്റന്റ് ഓംലെറ്റ്’ എന്ന പേരിൽ പൗഡർ രൂപത്തിൽ വിപണിയിലിറക്കുന്ന ഉൽപ്പന്നത്തിൽ വെള്ളം കലർത്തിയാണ് പാകം ചെയ്യേണ്ടത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ചെറിയ പാക്കറ്റും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാനും കഴിയും. ഇതിനായി രണ്ട് കോടി രൂപ ചെലവിൽ കൊണ്ടോട്ടി വാഴയൂരിൽ ‘ധൻസ് ഡ്യൂറബിൾ’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു.

മകൾ ധൻശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയിൽനിന്നാണ് ഇൻന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്. മൂന്നുവർഷം ഗവേഷണം നടത്തി. പുതിയ ഉത്പന്നമായതിനാൽ പരീക്ഷണങ്ങൾക്കായാണ് കൂടുതൽ തുകയും ചെലവഴിച്ചത്. മെഷീനുകൾ രൂപകൽപ്പന ചെയ്തതും അർജുൻ തന്നെ. 2021ൽ കമ്പനി രജിസ്റ്റർ ചെയ്തു. നിലവിൽ ഏഴ് സ്ത്രീകളടക്കം 12 ജീവനക്കാരുണ്ട്.
കിഡ്സ് ഓംലെറ്റ്, എഗ്ഗ് ബുർജി, വൈറ്റ് ഓംലെറ്റ്, മസാല ഓംലെറ്റ്, സ്വീറ്റ് ഓംലെറ്റ് ബാർ സ്‌നാക്ക് തുടങ്ങി വ്യത്യസ്ത ഇനങ്ങൾ പുറത്തിറക്കും. ആഗസ്‌തോടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും. ബംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ, യു.കെ, കുവൈത്ത് എന്നിവിടങ്ങളിലും വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിങ്ങിലും സജീവമാകും.

ബുൾസൈ ഉൽപ്പന്നങ്ങളുടെ സാധ്യതയും അർജുന്റെ പരിഗണനയിലുണ്ട്. 2022ൽ ഔട്ട്ലുക്ക് ‘ദ ഓംലെറ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിലാണ് അർജുനെ പരിചയപ്പെടുത്തിയത്. കുറഞ്ഞ സമയത്തിൽ ഓംലെറ്റ് ഉണ്ടാക്കുന്നതിനുള്ള ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അർജുൻ.

LEAVE A REPLY

Please enter your comment!
Please enter your name here