മീൻ പിടിച്ചാൽ പിഴയും തടവും; തോട്ടിലും വയലിലും മീൻ പിടിച്ചാൽ 6 മാസം തടവും 15000 രൂപ പിഴയും

0
315

മഴക്കാലമായാൽ പാടവും , തോടുമെല്ലാം നിറഞ്ഞു കവിയും. മീൻ പിടിത്തക്കാർക്ക് ഇത് ചാകരയാണ്. വയലിലും വരമ്പിലും തോട്ടിലും എത്തിയ ഊത്ത (മത്സ്യം) പിടിക്കാൻ തെക്കൻ മേഖലയിലെല്ലാം ആളുകളുടെ തിരക്കാണ്. എല്ലാ വർഷവും ജൂണിലെ പുതുമഴയിലാണ് ഊത്ത കയറുന്നത്, ഇത്തവണ അൽപം വൈകിയെങ്കിലും മീൻ ഏറെയുണ്ട്

എന്നാൽ അങ്ങനെ സന്തോഷിച്ച് മീൻ പിടിക്കാൻ വരട്ടെ. പാടത്തും, തോട്ടിലുമിറങ്ങി ഇനി മീൻ പിടിച്ചാൽ അകത്ത് കിടക്കേണ്ടിവരും. പ്രജനകാലത്തുള്ള മത്സ്യപിടിത്തം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രജനനകാലത്തുള്ള ഊത്തപിടിത്തം നാടൻ മത്സ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുന്നതാണ് നിരോധിക്കാൻ കാരണം.

വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ വയർ നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാൻ കാരണം. ഇത് മത്സ്യ സമ്പത്തിനെ ദോഷകരമായി ബാധിക്കും. പല മീനുകളും ഇന്ന് വംശ നാശ ഭീഷണിയിലാണെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു.

ഈ സാഹചര്യത്തിലാണ് മഴക്കാലത്തെ മീൻ പിടിത്തം നിയന്ത്രിക്കാൻ തീരുമാനമായത്. കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. അത്തരത്തിൽ എത്തുന്ന മത്സ്യങ്ങളെ പിടിക്കുന്നവരെ ഇനി കാത്തരിക്കുന്നത് നിയമ നടപടികളാണ്.

കേരള അക്വാകൾച്ചർ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അദ്ധ്യായം 4, ക്ളോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണിത്. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടി സ്വീകരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here