കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, വിവരങ്ങൾ അറിയാം

0
162

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (5-7-2023) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  കോട്ടയം ജില്ലയിലും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.   കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ചതായാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. അങ്കണവാടികൾ, ഐ സിഎസ്ഇ, സി ബി എസ് ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന അവധി പ്രഖ്യാപനങ്ങൾ. കാസര്‍കോട് പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. മൂന്ന് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്.

കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിലെ കൂടുതലിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

റെഡ് അലേർട്ട്

04-07-2023 :ഇടുക്കി, കണ്ണൂർ,കാസർകോട്

ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

04-07-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
05-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഈ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

05-07-2023 : കൊല്ലം
06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08-07-2023 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here