17,000 കൊട്ട തക്കാളി വിറ്റ് കർഷകൻ നേടിയത് 2.8 കോടി രൂപ; ലക്ഷ്യം 3.5 കോടി

0
86

പുണെ∙ തക്കാളിയുടെ വില കുതിച്ചുയരുമ്പോൾ പുണെയിലെ കർഷകൻ തക്കാളി വിറ്റ് 2.8 കോടി രൂപ സ്വന്തമാക്കിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പുണെ ജില്ലയിലുള്ള ജുന്നാൽ താലൂക്കിലുള്ള ഇശ്വർ ഗയാകറും (36) ഭാര്യയുമാണ് തക്കാളി വിറ്റ് കോടീശ്വരന്മാരായത്. ഇനിയുള്ള 4,000 കൊട്ട തക്കാളി വിറ്റ് 3.5 കോടി രൂപ സമാഹരിക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്.

‘‘ഇത് ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യമല്ല. കഴിഞ്ഞ ആറ് – ഏഴു വർഷമായി എന്റെ 12 ഏക്കർ കൃഷിയിടത്തിൽ തക്കാളി കൃഷി ചെയ്യുന്നുണ്ടായിരുന്നു. പലവട്ടം നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2021ൽ 18–20 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായത്. എന്നാൽ അവസാനിപ്പിക്കാൻ ഞാൻ തയാറായിരുന്നില്ല.

ഈ വർഷം 12 ഏക്കറിലും തക്കാളി കൃഷി ചെയ്തു. 17,000 കൊട്ട തക്കാളിയാണ് വിറ്റത്. ഓരോ കൊട്ടയ്ക്കും 770 രൂപ മുതൽ 2311 വരെ കിട്ടി. അതായത് ഇതുവരെ 2.8 കോടി രൂപ നേടാനായി. ഇനിയും 3000 – 4000 കൊട്ട തക്കാളി കൃഷിയിടത്തിലുണ്ട്. ഇങ്ങനെ നോക്കിയാൽ വരുമാനം 3.5 കോടിയാകും’’ – വിജയിക്കാനായതിൽ സന്തുഷ്ടനാണെന്നും ഗയാകർ പറഞ്ഞു.

‘‘ഒരു കിലോയ്ക്ക് 30 രൂപയെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഇത്തവണ ലോട്ടറിയടിച്ചതുപോലെയായി’’ – അദ്ദേഹം വ്യക്തമാക്കി. 2005 മുതൽ കൃഷി ചെയ്യുന്നയാളാണ് ഗയാകർ. പിതാവും കൃഷിക്കാരനാണ്. ഇപ്പോൾ ഭാര്യയാണ് സഹായത്തിന് ഒപ്പമുള്ളത്. നേരത്തേ ഒരേക്കറിൽ മാത്രമായിരുന്നു തക്കാളി കൃഷി ചെയ്തിരുന്നത്. പിന്നീട് 2017 മുതൽ കൂടുതൽ തൊഴിലാളികളെ ലഭിച്ചതോടെ 12 ഏക്കറിലും കൃഷി ചെയ്യാൻ തുടങ്ങി. ഓരോ സീസണിലും അനുയോജ്യമായ സവാള, പൂക്കൾ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here