എഐ ക്യാമറകള്‍ ഒരു മാസം പിഴയായി പിഴിഞ്ഞത് 7.94 കോടി; 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍; തിരുവനന്തപുരം ഹെല്‍മറ്റ്‌വെയ്ക്കില്ല; മലപ്പുറം സീറ്റ് ബെല്‍റ്റ് ഇടില്ല, കണക്ക് പുറത്ത്

0
108

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഒരു മാസം കൊണ്ട് പിഴയായി പിഴിഞ്ഞെടുത്തത് 7,94,65,550 രൂപ. 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍ നിന്നാണ് ഇത്രയും രൂപ പിഴയിട്ടത്. പിഴ നോട്ടീസ് നല്‍കിയതില്‍ 81,7,800 രൂപ സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

ജൂണ്‍ അഞ്ചു മുതലാണ് എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്കു പിഴ ഈടാക്കിത്തുടങ്ങിയത്. ജൂലൈ മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളില്‍ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതില്‍ 1,77,694 എണ്ണം എന്‍.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനില്‍ 1,04,063 എണ്ണം തപാല്‍ വകുപ്പിനു കൈമാറി. നിയമ ലംഘനം നടത്തുന്ന ഓരോ വ്യക്തികള്‍ക്കുമാണു പിഴ ചുമത്തുന്നത്. ഐ.ടി.എം.എസിലേക്കു മാറ്റിയ നിയമ ലംഘനങ്ങളില്‍ ആകെ 2,14,753 പേര്‍ക്കു പിഴ ചുമത്തിയിട്ടുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ച 73,887 പേര്‍ക്ക് പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയാണ് ഇതില്‍ മുന്നില്‍. 19482 പേരാണ് തിരുവനന്തപുരത്ത് ഹെല്‍മെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 619 പേര്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്കു ഹെല്‍മെറ്റ് ഇല്ലാത്തതിന് 30213 പേര്‍ക്കു പിഴ ചുമത്തി.

സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 49775 പേര്‍ക്കു പിഴ ചുമത്തി. 5622 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ മലപ്പുറം ജില്ലയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. 1932 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഇടുക്കിയാണ് ഈ വിഭാഗത്തില്‍ നിയമ ലംഘനം കുറഞ്ഞ ജില്ല. സഹയാത്രികന് സീറ്റ് ബെല്‍റ്റ് ഇല്ലാതിരുന്ന 57032 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കൂടുതല്‍ മലപ്പുറം – 8169, കുറവ് ഇടുക്കി – 2348. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 1846 പേര്‍ക്കു പിഴ ചുമത്തി. (കൂടുതല്‍ തിരുവനന്തപുരം – 312, കുറവ് ഇടുക്കി – 9), ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ യാത്ര ചെയ്തതിന് 1818 പേര്‍ക്കു പിഴ ചുമത്തി. കൂടുതല്‍ തിരുവനന്തപുരം – 448, കുറവ് കണ്ണൂര്‍ – 15. ആകെ ചെല്ലാന്‍ ജനറേറ്റ് ചെയ്ത നിയമ ലംഘനങ്ങളില്‍നിന്നായി 7,94,65,550 രൂപയാണു സര്‍ക്കാരിലേക്കു ലഭിക്കുന്നത്. ഇതില്‍ 81,7,800 രൂപ ലഭിച്ചു.

2022 ജൂണില്‍ 3714 വാഹനാപകടങ്ങളാണു സംസ്ഥാനത്തുണ്ടായത്. ക്യാമറ സ്ഥാപിച്ച ശേഷം, 2023 ജൂണില്‍, ഇത് 1278 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഇത്തവണ അത് 140 ആയി കുറഞ്ഞു. 2022 ജൂണില്‍ വാഹനാപകടങ്ങളില്‍പ്പെട്ട് 4172 പേര്‍ക്കു പരുക്കേറ്റപ്പോള്‍ ഇത്തവണ അത് 1468 ആയി കുറയ്ക്കാനും കഴിഞ്ഞു. റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ ഏറെ പ്രയോജനം ചെയ്യുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here