മഞ്ചേശ്വരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തിമിംഗലത്തിന്റെ അസ്ഥികൂടം സൂക്ഷിച്ച നിലയിൽ കണ്ടെത്തി

0
223

മഞ്ചേശ്വരം:  സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സൂക്ഷിച്ച നിലയിൽ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി. മഞ്ചേശ്വരം കണ്വതീർഥ ബീച്ചിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഷെഡ് കെട്ടി സംരക്ഷിക്കുന്ന രീതിയിൽ തിമിംഗല അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികളുടെ 23 ഭാഗങ്ങൾ കണ്ടെത്തി. തിമിംഗലത്തിന്റെ അസ്ഥികൂടം കസ്റ്റഡിയിലെടുത്തു. തൽക്കാലം ഇതേ സ്ഥലത്ത് സൂക്ഷിക്കും. ഡിഎൻഎ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും.

കാസർകോട് ഡിഎഫ്ഒ കെ.അഷ്റഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാസർകോട് റേഞ്ച് ഓഫിസർ സോളമൻ കെ.ജോർജിന്റെ നേതൃത്വത്തിൽ ഫോറസ്റ്റർമാരായ കെ.ബാബു, ആർ.ബാബു, ജയകുമാർ, ബിഎഫ്ഒ സുധീഷ്, നിവേദ്, അമൽ എന്നീ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

2007ൽ മഞ്ചേശ്വരത്തിനു സമീപത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ അസ്ഥികൂടം പറമ്പിലെത്തിച്ച് സ്വകാര്യ വ്യക്തി ഒരു ഷെഡ് നിർമിച്ച് അതിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ പരിശോധന നടത്തുമ്പോൾ കാലപ്പഴക്കത്തെ തുടർന്ന് സ്ഥാനം തെറ്റിയ നിലയിലാണ് അസ്ഥികൾ കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം തിമിംഗലത്തിന്റെ അസ്ഥികൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്.കൗതുകത്തിന്റെ പേരിലാണ് അസ്ഥികൾ ഇത്രയും കാലം സൂക്ഷിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. പത്തേക്കറിലേറെ തെങ്ങിൻ തോപ്പിലാണ് ഈ ഷെഡ് നിർമിച്ചിട്ടുള്ളത്. നിലവിൽ ഈ സ്ഥലത്ത് തൊഴിലാളികൾ മാത്രമാണ് താമസിക്കുന്നത്. സ്ഥലമുടമ കർണാടകയിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here