ബേസ്ബാൾ അടിച്ചുപറത്തി കംഗാരുപ്പട; ആവേശക്കൊടുമുടിയേറിയ ആഷസ് ടെസ്റ്റിൽ വിജയം പിടിച്ചുവാങ്ങി ഓസ്ട്രേലിയ

0
116

എഡ്ജ്ബാസ്റ്റൺ: ആവേശവും ഉദ്വേഗവും എവറസ്റ്റ് കയറിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസൺ നെഞ്ചുവിരിച്ച് നിന്നതോടെ ഇംഗ്ലണ്ട് പത്തിതാഴ്ത്തി. ആവേശം കൊടുമുടി കേറിയ മത്സരത്തിൽ അവസാന ദിനം ഓസ്ട്രേലിയ വിജയം പിടിച്ചെടുക്കുകയായിരുന്നു. പൊരുതിനിന്ന ഉസ്മാൻ ഖ്വാജയെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മടക്കിയതോടെ ഇംഗ്ലണ്ട് മോഹങ്ങൾക്ക് ജീവൻ വെച്ചെങ്കിലും തോറ്റുകൊടുക്കാൻ കമ്മിൻസണ് മനസ്സില്ലായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ഓസീസിനെ മുൾമുനയിൽ നിർത്തിയെങ്കിലും പതറിയില്ല. വാലറ്റത്ത് നഥാൻഡ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിൻസൺ നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടു. കമ്മിൻസൺ 44 റൺസുമായും ലിയോൺ 16 റൺസെടുത്തും പുറത്താകാതെ നിന്നു.

സ്കോർ: ഇംഗ്ലണ്ട് 393/8, 273, ഓസ്ട്രേലിയ 386/281/8.

രണ്ടാം ഇന്നിങ്സിൽ 281 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് കഴിഞ്ഞ ദിവസം മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്കോട്ട് ബൊളാണ്ടുമായി ചേർന്ന ഉസ്മാൻ ഖ്വാജയിലായിരുന്നു ഓസീസിന്റെ പ്രതീക്ഷ. എന്നാൽ അഞ്ചാം ദിനം തുടങ്ങി‌യപ്പോൾ തന്നെ 20 റൺസെടുത്ത ബൊളാണ്ട് കൂടാരം കയറി. ഓസീസിന്റെ അടുത്ത പ്രതീക്ഷയായ ട്രാവിസ് ഹെഡിനും അധികം ആയുസ്സുണ്ടായില്ല. സ്കോർ 145ൽ നിൽക്കെ 16 റൺസെടുത്ത ഹെഡിനെ മൊയീൻ അലി മടക്കി. തുടർന്നാണ് ഓസീസിന് പ്രതീക്ഷ നൽകിയ കൂട്ടുകെട്ട് പിറന്നത്.

കാമറൂൺ ഗ്രീൻ-ഖ്വാജ സഖ്യം ഓസീസിനെ വിജയതീരത്തേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഒലി റോബിൻസൺ നിർണായക ബ്രേക്ക് ത്രൂ നൽകി. 28 റൺസെടുത്ത ഗ്രീൻ കൂടാരം കയറുമ്പോൾ 195 റൺസായിരുന്നു ഓസീസ് സ്കോർ. തൊട്ടുപിന്നാലെ സ്കോർ 209ൽ നിൽക്കെ ഖ്വാജയെ ക്ലീൻ ബൗൾഡാക്കി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കി. ഇംഗ്ലണ്ടിന്റെ ബേസ് ബാൾ ശൈലിക്ക് മറുപടിയായി 167 പന്ത് നേരിട്ടാണ് ഖ്വാജ 65 റൺസെടുത്ത് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. ആദ്യ ഇന്നിങ്സിലും ഖ്വാജ സെഞ്ച്വറി നേടിയിരുന്നു.

പിന്നീടാണ് അവിശ്വസനീയമായ തിരിച്ചുവരവിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. 20 റൺസെടുത്ത അലക്സ് ക്യാരിയെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് വിജയമുറപ്പിച്ച മട്ടായിരുന്നു. 81ാമത്തെ ഓവറിൽ ക്യാരി പുറത്താകുമ്പോൾ ജയിക്കാൻ 55 റൺസ് വേണം. ആകെ രണ്ടുവിക്കറ്റ് മാത്രമേ ബാക്കി‌യുള്ളൂ. ഈ ഘട്ടത്തിലാണ് കമ്മിൻസൺ അസാധാരണ പോരാ‌ട്ടവീര്യം പുറത്തെ‌ടുത്തത്. വാലറ്റത്ത് നഥാൻ ലിയോണിനെ കൂട്ടുപിടിച്ച് റൺറേറ്റ് കാത്ത് വിജയത്തിലേക്ക് പന്തടിച്ചുകയറ്റി. 73 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതമാണ് കമ്മിൻസണിന്റെ ഇന്നിങ്സ്. ലിയോൺ 28 പന്തുകളെ അതിജീവിച്ച് രണ്ട് ഫോറുകൾ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here