മുംബൈ ∙ എംഎല്‍എമാര്‍ പ്രാദേശിക തലത്തിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന സാഹചര്യമുണ്ടാകരുതെന്ന് കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍. രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വ്യത്യാസം മാറ്റിവച്ച് സഹകരിക്കാവുന്ന മേഖലകള്‍ കണ്ടെത്തണമെന്നും യു.ടി.ഖാദര്‍ പറഞ്ഞു.
മുംബൈയില്‍ ജനപ്രതിനിധികളുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാന്‍ ഇന്ത്യന്‍ കാഴ്ചപ്പാട് ഇല്ലാത്തത് നമ്മുടെ എംഎല്‍എമാരുടെ പ്രശ്നമാണോ? വിഷയങ്ങള്‍ പ്രാദേശികമായി കൈകാര്യം ചെയ്താല്‍ മതിയെന്ന തോന്നല്‍ ഇവര്‍ക്കുണ്ടോ? രാജ്യത്തെ എംഎല്‍എമാരും എംഎല്‍സിമാരും ഒരു മേശയ്ക്ക് ചുറ്റുമിരുന്നപ്പോള്‍ പഴയ കാഴ്ചപ്പാടില്‍നിന്ന് മാറ്റം അനുഭവപ്പെട്ടെന്നു മലയാളി കൂടിയായ യു.ടി.ഖാദര്‍ പറഞ്ഞു.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ യോജിപ്പിന്‍റെ മേഖലകള്‍ കണ്ടെത്താന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. പുതിയ ആളുകള്‍ക്ക് പരിചയസമ്പന്നരായ പല എംഎല്‍എമാരെ കാണാനും പരിചയപ്പെടാനും സമ്മേളനത്തിലൂടെ അവസരം ലഭിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായി. വിവിധ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തത്.