വിമാനത്തിനുള്ളിലെ സംഘർഷം: ‘പരാതി കളവ്, തെളിവില്ല’; ഇ.പിക്കെതിരായ കേസ് അവസാനിപ്പിക്കുന്നു

0
90

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ ആക്രമിച്ചെന്ന കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ 2022 ജൂണിലാണ് ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധം ഉണ്ടായത്. തുടർന്നുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ റജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോൾ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നത്.

യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നും ജയരാജൻ അക്രമം നടത്തിയതിന് തെളിവില്ലെന്നുമാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ കോടതിയെ സമീപിക്കാമെന്ന് പരാതിക്കാരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി ജയരാജന്‍ ആക്രമിച്ചെന്നായിരുന്നു പരാതി. വിമാനത്തിനുള്ളിൽ പ്രതിഷേധിക്കുന്നതിനിടെ മർദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്.

കോടതി നിർദേശപ്രകാരമായിരുന്നു വലിയതുറ പൊലീസ് കേസെടുത്തത്. വധശ്രമം, ഓദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റക്കരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിലുള്ള അക്രമം എന്നീ വകുപ്പുകൾ ചുമത്തി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here