ഹെല്‍മറ്റില്ലെങ്കില്‍ ക്യാമറ മാത്രമല്ല ഇനി സ്‍കൂട്ടറും പണിതരും, വരുന്നത് എഐയെ വെല്ലും സൂപ്പര്‍വിദ്യ!

0
186

ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ അടുത്തകാലത്തായി കാര്യമായ ഉയർച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിഭാഗവും അതിവേഗം വളരുകയാണ്. എങ്കിലും റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്‍റെയും കാര്യത്തിൽ, ഇന്ത്യൻ ജനത ഇപ്പോഴും ഏറെ പിന്നിലാണ്. ഇപ്പോഴിതാ റൈഡര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രശസ്‍ത ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഓല ഇലക്ട്രിക് ഒരു ഹെൽമറ്റ് ഡിറ്റക്ഷൻ സിസ്റ്റം വികസിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഹെൽമറ്റ് ധരിച്ചാൽ മാത്രം സ്‍കൂട്ടർ ഓടുന്ന സാങ്കേതികവിദ്യയാണ് ഒല ഇലക്ട്രിക്ക് വികസിപ്പിക്കുന്നത്. യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണിത്. ഇതിനായി ഒരു ക്യാമറ സ്‍കൂട്ടറിന്‍റെ ഡിസ്പ്ലേയില്‍ ഉണ്ടായിരിക്കും. റൈഡർ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഈ ക്യാമറ ഉപയോഗിക്കുന്നു.  അഥവാ യാത്രക്കാരൻ ഹെൽ‌മറ്റ് ധരിച്ചിട്ടില്ലെന്ന് വാഹനം തിരിച്ചറിഞ്ഞാൽ ഡ്രൈവർ മോഡിലേക്ക് വാഹനം മാറില്ല. പാര്‍ക്ക് മോഡിൽ തന്നെ തുടരും. ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വെഹിക്കിൾ കൺട്രോൾ യൂണിറ്റ് മോട്ടർ കൺട്രോൾ യൂണിറ്റിനെ അറിയിച്ചാൽ മാത്രമേ വാഹനം ഡ്രൈവ് മോഡിലേക്ക് മാറുകയുള്ളൂ. മാത്രമല്ല വാഹനം ഓടിത്തുടങ്ങിയത് ശേഷം ഹെൽമറ്റ് ഊരി മാറ്റാനും കഴിയില്ല. അങ്ങനെ കരുതിയാല്‍ അതും നടക്കില്ല. കാരണം ഹെൽമറ്റ് ഊരിയാൽ ഈ നിമിഷം സ്‍കൂട്ടര്‍ പാർക്ക് മോഡിലേക്ക് മാറും. ഹെൽമറ്റ് ധരിക്കാനുള്ള നിർദേശവും ഡിസ്പ്ലേയിൽ തെളിയും.

നേരത്തെ ടിവിഎസും സമാനമായ റിമൈൻഡര്‍ സംവിധാനം അവതരിപ്പിച്ചിരുന്നു. ക്യാമറ അധിഷ്‌ഠിത ഹെൽമറ്റ് റിമൈൻഡർ സംവിധാനമാണ് ടിവിഎസ് പ്രഖ്യാപിച്ചത്. എന്നാൽ ഒലയുടെ സംവിധാനം ഒരു പടി കൂടി മുന്നോട്ട് പോകുന്നു. ടിവിഎസിന്റെ കാര്യത്തിൽ, റൈഡർക്ക് ഒരു മുന്നറിയിപ്പ് സന്ദേശം മാത്രമേ ലഭിക്കുകയുള്ളു. ഒലയാകട്ടെ റൈഡർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിക്കാൻ അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here