ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തുകൊണ്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ മുൻ എം.എൽ.എ എം.സി കമറുദ്ദീൻ ഉൾപ്പടെ 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
നിക്ഷേപ തട്ടിപ്പിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 168 കേസുകളാണുള്ളത്. മുൻ എം.എൽ.എ യും കമ്പനി ചെയർമാനുമായ എം.സി കമറുദ്ദീൻ, മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ ഉൾപ്പടെ നാല് പ്രതികളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്താണ് അന്വേഷണ സംഘം കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.
നിക്ഷേപകർ പണം നൽകുമ്പോൾ ഡയറക്ടർമാരായി ഉണ്ടായിരുന്നവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കേസിൽ സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് ഉടൻ കുറ്റപത്രം നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 130 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ രണ്ടര വർഷത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കേസിൽ കുറ്റപത്രം നൽകാൻ വൈകുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നേരത്തെ നിക്ഷേപകർ രംഗത്തുവന്നിരുന്നു.