യു.പിയിൽ മുസ്‌ലിം യുവാവിനെ കെട്ടിയിട്ട്‌ ക്രൂരമായി മർദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം; നാല് പേർ അറസ്റ്റിൽ

0
211

ലഖ്നൗ: മുസ്‌ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പ്രതിയുൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ജൂൺ 14ന് മുഹമ്മദ് സാഹിൽ ഖാൻ എന്ന യുവാവിനെ മർദിച്ച സംഭവത്തിലാണ് നടപടി.

സൗരഭ് താക്കൂർ, ഗജേന്ദ്ര, ധാമി പണ്ഡിറ്റ്, 15കാരൻ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. വൈർ ഗ്രാമത്തിൽ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു 28കാരന് പരസ്യ മർദനം. ഐ.പി.സി 153-എ (മതത്തിന്റെ പേരിലുള്ള അതിക്രമം), 342 (തട്ടിക്കൊണ്ടുപോകൽ), 505 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാതെ, ഇരയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. സബ് ഇൻസ്പെക്ടർ രാജേന്ദ്ര സിങ്, കോൺസ്റ്റബിൾ സൗരഭ് കുമാർ, കകോട് പൊലീസ് സ്റ്റേഷൻ ഇൻചാർജ് അമർ സിങ് എന്നിവരെയാണ് ബുലന്ദ്ഷഹർ സീനിയർ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ സസ്പെൻഡ് ചെയ്തത്. യുവാവിനെ പ്രതികൾ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ജൂൺ 15ന്, ഇരയായ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, പീഡനത്തിന്റെ വീഡിയോ കണ്ടതിന് ശേഷം സഹോദരി പരാതിയുമായി സമീപിച്ചെങ്കിലും അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ തയാറായിരുന്നില്ല. ശനിയാഴ്ച സാഹിൽ ഖാന്റെ സഹോദരി പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് മർദിച്ചവിവരം പുറംലോകമറിഞ്ഞത്. എന്നാൽ കകോട് പൊലീസ് പ്രതികളെ വിട്ടയക്കുകയും ക്രൂരമായി മർദനമേറ്റ സാഹിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുമായിരുന്നു.

ഇതോടെ, സാഹിലിന്റെ സഹോദരി റുബീന ബുലന്ദ്ഷഹർ എസ്.എസ്.പി ശ്ലോക് കുമാറിനെ കണ്ട് പരാതി നൽകി. 15-ാം തിയതി സഹോദരൻ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. സഹോദരനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്ന വീഡിയോ കണ്ടതിനെ തുടർന്ന് പരാതി നൽകാൻ കകോട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മർദിച്ചവർക്ക് പകരം തന്റെ സഹോദരനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയതാണ് കണ്ടതെന്നും റുബീനയുടെ പരാതിയിൽ പറയുന്നു.

അതേസമയം, പൊലീസ് നടപടി വിവാദമായതോടെ പ്രതികരണവുമായി സീനിയർ പൊലീസ് സൂപ്രണ്ട് രം​ഗത്തെത്തി. യുവാവിനെതിരെ ചുമത്തിയ ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങൾ അന്വേഷിക്കാൻ നിർദേശം നൽകിയതായി എസ്എസ്പി അറിയിച്ചു. സാഹിലിനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ എത്രയും വേഗം പുതുക്കിയ റിപ്പോർട്ട് പ്രാദേശിക കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here