യു.ടി ഖാദറിന് മംഗളൂരുവിൽ ഊഷ്മള വരവേൽപ്പ്; നിയമസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് സ്പീക്കർ

0
251

മംഗളൂരു: കർണാടകയിൽ നിയമസഭയിലെ 70 പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ശ്രമിക്കുമെന്ന് നിയമസഭ സ്പീക്കർ യു.ടി ഖാദർ. പുതിയ അംഗങ്ങൾക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടി തീരുമാനിച്ചിട്ടുണ്ട്. അവരുടെ നവീന ആശയങ്ങൾ നവകർണാടക നിർമിതിക്ക് മുതൽകൂട്ടാവുമെന്നും യു.ടി ഖാദർ വ്യക്തമാക്കി. മംഗളൂരു സർക്യൂട്ട് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കർ പദവിയിൽ ഇരുന്നാലും മംഗളൂരുവിന്റെ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കും. മന്ത്രിയാവാത്തതിൽ വിഷമിക്കുന്നവരുണ്ടല്ലോ, മുതിർന്നവർക്ക് കൊടുക്കാതെ എന്തു കൊണ്ട് സ്പീക്കർ സ്ഥാനം തന്നു എന്നീ ചോദ്യങ്ങളാണ് നിങ്ങൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രി പദവിയെക്കുറിച്ച് അറിയുന്നവരും സ്പീക്കർ എന്താണെന്ന് മനസിലാക്കാത്തവരുമാവാം വിഷമിക്കുന്നതെന്നും ഖാദർ വ്യക്തമാക്കി

താൻ മന്ത്രിയായ ആളാണ്. ബന്ധപ്പെട്ട വകുപ്പ് മാത്രമായിരുന്നു നോക്കിയത്. ഇപ്പോൾ 32 വകുപ്പുകളിലും ഉത്തരവാദിത്തമായി. മന്ത്രിയായപ്പോൾ നേടിയ അറിവിനും അനുഭവത്തിനും അപ്പുറം സ്പീക്കർ സ്ഥാനത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. വ്യക്തിത്വ വികാസത്തിന് ഈ അവസരം പ്രയോജനപ്പെടുത്തും. പ്രായത്തിൽ ജുനിയറെങ്കിലും അനുഭവ പരിചയത്തിൽ താൻ സീനിയറാണെന്ന് മംഗളൂരു കോർപറേഷൻ മുൻ കൗൺസിലറും അഞ്ചാം തവണ എം.എൽ.എയുമായ ഖാദർ പറഞ്ഞു.

വളരെ ഉന്നതമായ പദവി നൽകിയ മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജെവാല തുടങ്ങിയവരോട് നന്ദിയുണ്ട്. മുതിർന്ന നേതാക്കളായ ജനാർദ്ദനപൂജാരി, വീരപ്പ മൊയ്‌ലി, ദിവംഗതനായ ഓസ്കാർ ഫെർണാണ്ടസ് എന്നിവരെ സ്മരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here