കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ജോലിയില്‍ തുടരാം, പുനര്‍നിയമനം നല്‍കും; സിദ്ധരാമയ്യ

0
218

കൊല്ലപ്പെട്ട യുവ മോര്‍ച്ച നേതാവിന്റെ ഭാര്യയുടെ താത്കാലിക ജോലി നിയമനം റദ്ദാക്കിയ നടപടി പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. മുന്‍ കര്‍ണാടക സര്‍ക്കാര്‍ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കിയ നടപടിയെ തുടര്‍ന്നായിരുന്നു യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍കുമാരിക്ക് ജോലി നഷ്ടമായത്.

താത്ക്കാലിക ജീവനക്കാരുടെ നിയമനം റദ്ദാക്കുന്നത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ നടപടിയാണെന്ന് സിദ്ധരാമയ്യ വ്യക്തമക്കി. ഇവര്‍ക്ക് പുറമെ മറ്റ് 150 താത്ക്കാലിക ജീവനക്കാരെയും ജോലിയില്‍നിന്ന് മാറ്റിയിരുന്നു. അതേസമയം നൂതന്‍ കുമാരിയുടെ വിഷയം ഒരു പ്രത്യേക സാഹചര്യമായി കണക്കാക്കി അവരെ പുനർനിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍മുഖ്യമന്ത്രിയുടെ ഓഫീസില്‍ 2022 സെപ്റ്റംബറിലായിരുന്നു താത്ക്കാലിക അടിസ്ഥാനത്തില്‍ ഇവരുടെ നിയമനം. തുടര്‍ന്ന് ദക്ഷിണ കന്നഡയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെക്ക് ഇവരുടെ ആവശ്യപ്രകാരം മാറ്റുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയവൈരാഗ്യം മൂലമാണ് നടപടിയെടുത്തതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബസവരാജ് ബൊമ്മ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലമോ അല്ലെങ്കില്‍ മറ്റൊരു ഇത്തരവുണ്ടാകുന്നത് വരെയോ ജോലിയില്‍ തുടരാമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നുവെന്ന്  ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here