ദൃഢനിശ്ചത്തിന്റെ കരുത്തുമായി ശിഹാബ് ചോറ്റൂർ വിശുദ്ധ മദീനയിൽ, യാത്രക്കെടുത്തത് 11 മാസം, ഹജ്ജിന് മുമ്പ് മക്കയിലെത്തും

0
184

മദീന: ദൃഢനിശ്ചത്തിന്റെ കരുത്തുമായി കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ ലക്ഷ്യം സഫലീകരിച്ച് മദീനയിലെത്തി. കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച യാത്ര, വിവിധ രാജ്യങ്ങള്‍ കടന്നാണ് മദീനയിലെത്തുന്നത്. 11 മാസത്തോളം എടുത്ത് പൂർത്തിയാക്കിയ യാത്ര, വിവിധ പ്രതിസന്ധികള്‍ തരണം ചെയ്താണു പുണ്യഭൂമിയിലെത്തിയത്.

ഈ വർഷത്തെ ഹജ് കർമത്തിൽ ശിഹാബ് ‍പങ്കെടുക്കും. ഹജ്ജിനു 25 ദിവസം മുമ്പായിരിക്കും മദീനയില്‍ നിന്നു കാൽനടയായി മക്കയിലെത്തുക. ഇന്ത്യയിൽ നിന്ന് തുടങ്ങി പാകിസ്ഥാനിൽ 120 കിലോമീറ്ററും പിന്നീട് ഇറാനിലും ഇറാഖിലും കുവൈത്തിലും കാൽ നടയായി നടന്നാണ് ഒടുവിൽ തന്റെ ലക്ഷ്യ സ്ഥാനത്ത് ശിഹാബ് എത്തിച്ചേർന്നത്. പാക്കിസ്ഥാനില്‍ നിന്ന് ഇറാനിലേക്കും സഊദി കുവൈറ്റ് അതിര്‍ഥിയില്‍ രണ്ട് കിലോമീറ്റര്‍ ദുരം മാത്രമാണ് വാഹനത്തില്‍ സഞ്ചരിച്ചത്. ബാക്കിയെല്ലാം നടന്നായിരുന്നു.

വിവിധ രാജ്യങ്ങളിലൂടെ 8000 ത്തിലധികം കിലോമീറ്റര്‍ താണ്ടിയാണ് മദീനയില്‍ എത്തിയത്. 2022 ജൂൺ 2 ന് അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ ശിഹാബിന്റെ ആദ്യ ലക്ഷ്യം, 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്താനിൽ എത്തുകയായിരുന്നു. എട്ട് മാസം കൊണ്ട് വിവിധ രാജ്യങ്ങൾ താണ്ടി ലക്ഷ്യം പൂർത്തീകരിക്കാമെന്നായിരുന്നു അന്ന് ശിഹാബിന്റെ കണക്ക് കൂട്ടൽ. നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്താനിലേക്ക് കടന്നത്. പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്.

ഫെബ്രുവരി അഞ്ചിനാണ് പാകിസ്താൻ വിസ നൽകിയത്. കഴിഞ്ഞ ജൂൺ മൂന്നിനാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബിന് യൂ ട്യൂബ് ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്.

ഗതാഗത സൗകര്യം കുറവായിരുന്ന ആദ്യ കാലങ്ങളിൽ കാൽനടയായി ഹജ്ജിന് പോയിരുന്ന സ്ത്രീകൾ ഉൾപ്പെടെ കഥകളാണ് ഷിഹാബിനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. ആഗ്രഹം അറിയിച്ചപ്പോൾ വലിയ പ്രോത്സാഹനം നൽകിയത് ഉമ്മയായിരുന്നുവെന്നും ശിഹാബ് ചൂണ്ടിക്കാട്ടുന്നു. കൂട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രോത്സാഹനമായപ്പോൾ ആഗ്രഹത്തിന് വേഗതയേറി.

LEAVE A REPLY

Please enter your comment!
Please enter your name here