സുപ്രീംകോടതിയുമായി ഏറ്റുമുട്ടി കേന്ദ്രസര്‍ക്കാര്‍; ഭരണപരമായ അധികാരത്തിനായി ഓര്‍ഡിനന്‍സ് ഇറക്കി; പുതിയ പോര്‍മുഖം തുറന്നു

0
184

സുപ്രീംകോടതിയുമായി ഏറ്റുമുട്ടിമുട്ടാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന വിധി മറികടക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലമാറ്റം,നിയമനം വിജിലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കുന്നതിനായി നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസ് അതോറിറ്റി കേന്ദ്രം രൂപീകരിച്ചു. നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ജിഎന്‍സിടിഡി) നിയമത്തെ ഭേദഗതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ കൈമാറി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതു മറികടക്കാനാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. സപ്രീം കോടതി പുറത്തിറക്കിയ വിധിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉള്‍പ്പെടെയുള്ള സേവന കാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് എക്‌സിക്യൂട്ടീവ് അധികാരം നല്‍കിയിരുന്നു. പോലീസ്, ഭൂമി, പൊതുസമാധാനം എന്നിവ ഒഴികെയുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്നും മന്ത്രിസഭയുടെ നിര്‍ദേശ പ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.

ദേശീയ തലസ്ഥാനമെന്ന നിലയിലുള്ള പ്രത്യേക പദവി കണക്കിലെടുത്ത്, പ്രാദേശികവും ദേശീയവുമായ ജനാധിപത്യ താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിന് നിയമപ്രകാരം ഒരു ഭരണസംവിധാനം രൂപപ്പെടുത്തേണ്ടതുണ്ടെന്നാണ് പുതിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയത്. ഉദ്യോ?ഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം, വിജിലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സ്ഥിരം അതോറിറ്റി രൂപീകരിക്കുന്നുവെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി, ജിഎന്‍സിടിഡി ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് പുതിയ അതോറിറ്റി.

സുപ്രീംകോടതി കൊളീജിയത്തിന് അടക്കം വിമര്‍ശനം ഉന്നയിച്ച മന്ത്രി കിരണ്‍ റിജിജുവിനെ കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നു. കോടതിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണിതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കിരണ്‍ റിജിജുവിന് പകരം അര്‍ജുന്‍ റാം മേഘവാളിനെയാണ് കേന്ദ്ര നിയമമന്ത്രി സ്ഥാനം നല്‍കിയത്. ഇതിന്റെ പിന്നാലെയാണ് പുതിയ ഓര്‍ഡിനന്‍സ് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here