ഒരുകിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചു, ഇന്ത്യൻ വംശജനെ സിം​ഗപ്പൂരില്‍ തൂക്കിലേറ്റി

0
300

ഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ സിം​ഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ എന്ന 46 -കാരനെ ബുധനാഴ്ചയാണ് സിം​ഗപ്പൂർ തൂക്കിലേറ്റിയത്. 2014 -ലാണ് ഒരു കിലോ കഞ്ചാവ് കടത്തിയതിന് സുപ്പയ്യ അറസ്റ്റിലാവുന്നത്. 2018 -ൽ ഇയാൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

എന്നാൽ, യുഎൻ മനുഷ്യാവകാശ സംഘടനയും വിവിധ രാജ്യങ്ങളും സംഘടനകളും വധശിക്ഷ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിനെയെല്ലാം പിന്തള്ളിക്കൊണ്ടാണ് ബുധനാഴ്ച വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. വധശിക്ഷയ്ക്ക് പിന്നാലെ, “സിംഗപ്പൂർ സ്വദേശി തങ്കരാജു സുപ്പയ്യ (46) -യുടെ വധശിക്ഷ ഇന്ന് ചാംഗി ജയിൽ കോംപ്ലക്‌സിൽ നടപ്പാക്കി“ എന്ന് സിംഗപ്പൂർ പ്രിസൺസ് സർവീസ് വക്താവ് എഎഫ്‌പിയോട് പറഞ്ഞു.

ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസനടക്കം അനേകം പേരാണ് സുപ്പയ്യയുടെ വധശിക്ഷയെ എതിർത്തിരുന്നത്. അതുപോലെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ നോർവേ, സ്വിറ്റ്സർലൻഡും ചേർന്ന് സുപ്പയ്യയുടെ വധശിക്ഷ നിർത്തലാക്കണമെന്നും ശിക്ഷാവിധി ഇളവ് ചെയ്യണമെന്നും സിം​ഗപ്പൂർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഒരു പ്രസ്താവനയും ഇറക്കി. എന്നാൽ, അതൊന്നും തന്നെ സിം​ഗപ്പൂർ അധികൃതർ കൈക്കൊണ്ടിരുന്നില്ല.

സിം​ഗപ്പൂർ ആഭ്യന്തര മന്ത്രാലയം പറഞ്ഞത്, വധശിക്ഷ എന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ അനിവാര്യമായ ഘടകമാണ് എന്നായിരുന്നു. ബ്രാൻസൻ അഭ്യന്തര കാര്യങ്ങളിലിടപെട്ടതിനേയും നീതിന്യായ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞതിനെയും മന്ത്രാലയം വിമർശിച്ചു. മയക്കുമരുന്ന് കടത്തിന് വധശിക്ഷ എന്ന നയം സിം​ഗപ്പൂർ തുടരാൻ കാരണം ജനങ്ങളുടെ താൽപ്പര്യമാണെന്നും കഴിഞ്ഞ സെപ്റ്റംബറിൽ നിയമ-ആഭ്യന്തര മന്ത്രി കെ. ഷൺമുഖം പറഞ്ഞിരുന്നു. ഇവിടെ 87 ശതമാനം പേരും വധശിക്ഷയെ അനുകൂലിക്കുന്നു എന്നും ഷൺമുഖം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here