മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

0
261

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറയിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി വിവിധ രോഗ ബാധിതരടക്കം പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള അസുഖ ബാധിതർ കൊവിഡ് ഇന്‍ഫ്‌ളുവന്‍സാ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം. കൂടാതെ ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് പരിശോധനയ്ക്ക് അയക്കേണ്ടതാണ്. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

മാർനിർദേശത്തിൽ ആവശ്യപ്പെടുന്നത് പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here