ബുക്ക് ചെയ്ത ഓണസദ്യ എത്തിച്ചില്ല; വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം

0
211

തിരുവോണ സദ്യ മുടക്കിയതിന് കൊച്ചിയിലെ ഹോട്ടലുടമ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് എറണാകുളം മെയ്സ് റസ്റ്ററന്‍റിനെതിരെ ഉത്തരവിട്ടത്. നഷ്ടപരിഹാരമായി നാല്‍പതിനായിരം രൂപയും സദ്യക്കായി കൈപ്പറ്റിയ തുകയും പരാതികാരിക്ക് നല്‍കണമെന്നാണ് ഉത്തരവ്.

2021തിരുവോണ നാളിലാണ് കേസിനാസ്പദമായ സംഭവം. വൈറ്റില സ്വദേശിനി ബിന്ധ്യ സുൽത്താൻ മെയ്സ് റസ്റ്ററന്‍റില്‍ സ്പെഷ്യല്‍ ഓണസദ്യ ബുക്ക് ചെയ്തിരുന്നു. അഞ്ച് പേര്‍ക്കുള്ള സദ്യയ്ക്ക് 1295 രൂപയും നൽകി. ഉച്ചയ്ക്ക് ഊണും കറികളും പായസവും അടക്കം വീട്ടിലെത്തിക്കുമെന്നായിരുന്നു ഹോട്ടലധികൃതരുടെ വാഗ്ദാനം. മൂന്ന് മണിവരെ കാത്തിട്ടും സദ്യ എത്തിയില്ല. ഹോട്ടല്‍ ഉടമയെ അടക്കം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് കുടുംബം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരി നൽകിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 9% പലിശ സഹിതം ഒരു മാസത്തിനകം എതിർകക്ഷി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി വിധിച്ചു. ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരികമായ ബന്ധമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

എതിർകക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റം പരാതിക്കാരിക്കും കുടുംബത്തിനും മനോവിഷമമുണ്ടാക്കിയെന്നും സദ്യ എത്തിക്കാൻ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. ഹോട്ടല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. നിയമനടപടികളുടെ ഒരു ഘട്ടത്തിലും ഹോട്ടലുടമ സഹകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here