കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്‍റണി; വൈകിട്ട് മാധ്യമങ്ങളെ കാണും

0
139

തിരുവനന്തപുരം: കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വൈകീട് 5.50 ന് കെപിസിസി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നും എ കെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് അംഗത്വം രാജി വെച്ച് ബിജെപിയില്‍ അംഗത്വമെടുത്തേക്കുമെന്ന സൂചനകൾക്ക് ഇടയിലാണ് എ കെ ആന്‍റണിയുടെ പ്രതികരണം.

വൈകിട്ട് മൂന്ന് മണിക്ക് പ്രധാന നേതാവ് ബിജെപിയിൽ ചേരുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചിരുന്നു. ഇത് അനിൽ ആന്റണിയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അനിൽ ആന്റണിക്ക് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിക്കും. കോൺഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്ത് എത്തിയത്.

ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്‍റണി. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാക്ക് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here