രാമനവമി സംഘര്‍ഷം; ബിഹാറില്‍ ജയ് ശ്രീറാം വിളിച്ചെത്തിയവര്‍ മദ്രസ തകര്‍ത്തു, 110 വർഷം പഴക്കമുള്ള ലൈബ്രറിക്ക് തീയിട്ടു

0
298

പട്ന: രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാര്‍ നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് 77 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം ബിഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞു.4,500-ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്ജിദിന്‍റെ മിനാരം (ടവർ) തകർന്നതിനാൽ ജില്ലാ ഭരണകൂടം അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്. “ഹോട്ടൽ സിറ്റി പാലസിന് സമീപമുള്ള ഗഗൻ ദിവാൻ പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥന പൂർത്തിയാക്കിയിരുന്നു.തുടർന്ന് ഒരു സംഘം മദ്രസയിൽ കയറി കല്ലെറിയാൻ തുടങ്ങി.മസ്ജിദിലുള്ള ഒരാളോട് ജയ് ശ്രീം വിളിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. അവർ പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോൾ ബോംബുകൾ എറിയുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു” സിയാബുദ്ദീൻ വിശദീകരിച്ചു.

ഉച്ചക്ക് ശേഷമാണ് ആക്രമണം നടന്നതെന്നും രാത്രി 11 മണിയായിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സിയാബുദ്ദീൻ ആരോപിച്ചു. ” പുക നിറഞ്ഞ മുറിയിൽ രണ്ട് കുട്ടികൾ കുടുങ്ങി. ഞാൻ കൃത്യസമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കില്‍, ഞങ്ങൾക്ക് അവരെ നഷ്ടപ്പെടുമായിരുന്നു” സിയാബുദ്ദീന്‍ പറയുന്നു. ലൈബ്രറിയിലും 22 ക്ലാസ് മുറികളുടെ പുറത്തും പെട്രോള്‍‌ ബോംബുകള്‍ കണ്ടെത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ആറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മദ്രസയില്‍ 450 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. റമദാന്‍ പ്രമാണിച്ച് മദ്രസ അടച്ചിട്ടിരിക്കുകയായിരുന്നു. പൂട്ട് തകര്‍ത്താണ് അക്രമികള്‍ കാമ്പസിനുള്ളില്‍ കടന്നത്. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണത്തിൽ അപൂർവമായ പുസ്തകങ്ങൾ കത്തിനശിച്ചത് ദൗർഭാഗ്യകരമാണെന്ന് മദ്രസയ്ക്ക് സമീപം താമസിക്കുന്ന ബിഹാർ ഷെരീഫ് കോടതിയിലെ അഭിഭാഷകനായ സർഫറാസ് മാലിക് പറഞ്ഞു.”അവരുടെ കയ്യില്‍ വാളുകളും വടികളുമുണ്ടായിരുന്നു. ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടിരുന്നു. ഞാൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, പക്ഷേ അവർ എന്‍റെ മുറിയിൽ നിന്ന് 3,500 രൂപ എടുത്തു” മദ്രസയിലെ സെക്യൂരിറ്റിയായ മോഹന്‍ ബഹദൂര്‍ പറഞ്ഞു.

വെള്ളിയാഴ്ച ശ്രാം കല്യാൺ മൈതാനത്തുനിന്ന് മണിറാം അഖാഡയിലേക്കുള്ള രാമനവമി ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.പ്രദേശത്തെ നിരവധി കടകളിൽ ജനക്കൂട്ടം കാവി പതാകകൾ സ്ഥാപിക്കുകയും കത്തിക്കുകയും ചെയ്തു.1981-ൽ വർഗീയ സംഘർഷത്തിൽ 45 പേർ മരിച്ചതിന് ശേഷം ഈ പ്രദേശം ഇത്തരം അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ബിഹാർ ഷെരീഫ് നിവാസിയായ ശത്രുഘ്നൻ പ്രസാദ് പറഞ്ഞു. ജഗന്നാഥ് മിശ്രയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയെന്നും ഇന്ദിരാഗാന്ധി കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here