‘ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’; കര്‍ണാടകയില്‍ എസ്ഡിപിഐ-ബിജെപി കൂട്ടുകെട്ടെന്ന് അബ്ദു റബ്ബ്

0
153

മലപ്പുറം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് മുസ്ലീംലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എസ്ഡിപിഐ മത്സരിക്കുന്നത് മൂലം കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളാണ് ഭിന്നിക്കാന്‍ പോകുന്നത്. ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ ബിജെപിയല്ലാതെ മറ്റാരാണ്? ഇങ്ങനെ സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ ഇനിയും നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് പറഞ്ഞു. ഉദ്ദിഷ്ടകാര്യത്തിനാണ് എസ്ഡിപിഐയുടെ ഉപകാരസ്മരണയെന്നും അബ്ദു റബ്ബ് കൂട്ടിച്ചേര്‍ത്തു.

അബ്ദു റബ്ബ് പറഞ്ഞത്: ”SDPI ഒറ്റക്ക് മത്സരിച്ചാല്‍ കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ പറ്റുമോ? പറ്റില്ല.
ഒരു സീറ്റെങ്കിലും വിജയിക്കാന്‍ പറ്റുമോ? പറ്റില്ല. SDPI മത്സരിച്ചാല്‍ ബി.ജെ.പി  വോട്ടുകള്‍ ഭിന്നിക്കുമോ? ഇല്ല.
SDPI മത്സരിക്കുന്നത് മൂലം ആരുടെ വോട്ടുകളാണ് ഭിന്നിക്കാന്‍ പോകുന്നത്? കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍.
കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ പല പെട്ടികളിലായി വിഭജിക്കുമ്പോള്‍ അതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ ആരാണ്?
ബി.ജെ.പിയല്ലാതെ മറ്റാര്. അപ്പോള്‍ SDPI മത്സരിക്കുന്നത് ബി.ജെ.പിക്കു വേണ്ടിയല്ലേ? എന്താ സംശയം.
പോപുലര്‍ഫ്രണ്ടിനെ നിരോധിച്ചവരല്ലേ BJP; ആ BJP ക്കു വേണ്ടി SDPI ഇങ്ങനെയൊക്കെ സഹായം ചെയ്യുമോ?
അങ്ങനെ സഹായിക്കുന്നത് കൊണ്ടല്ലേ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച BJP  SDPIയെ ഇനിയും നിരോധിക്കാത്തത്.
ശിഷ്ടം: വെറുതെയല്ല മക്കളേ….ഉദ്ദിഷ്ടകാര്യത്തിനാണ് SDPI യുടെ ഉപകാരസ്മരണ..”

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ മത്സരിക്കാനാണ് എസ്ഡിപിഐ തീരുമാനം. ഇതില്‍ 19 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കര്‍ണാടകയില്‍ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. പിഎഫ്‌ഐ നിരോധനം തെരഞ്ഞെടുപ്പ് പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എസ്ഡിപിഐ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here