‘ഈ കല്ല്യാണം മനസ്സില്‍ മറച്ച് പിടിച്ച ദുഃഖത്തിന്റെ മുഹൂര്‍ത്തം’; കത്വ പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

0
146

ശ്രീനഗര്‍: കത്വ പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. അദ്ദേഹത്തോടൊപ്പം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈര്‍ സാഹിബും അഡ്വ. മുബീന്‍ ഫാറൂഖിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന് ക്ഷണം ലഭിച്ചതിനാല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന് സയ്യിദ് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നെയില്‍ വെച്ച് തന്നോട് പറഞ്ഞിരുന്നതായും ഫൈസല്‍ ബാബു പറഞ്ഞു.

ജമ്മുവില്‍ നിന്ന് നാല്പത്തഞ്ച് കിലോമീറ്റര്‍ അകലെയുള്ള സംബാ നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഉള്‍ഗ്രാമത്തിലായിരുന്നു വിവാഹം. കത്വ പെണ്‍കുട്ടിയുടെ സഹോദരി ദര്‍ദാന അഖ്തറിന്റെതായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന്റെ അനുഭവം ഫേസ്ബുക്കിലൂടെയാണ് ഫൈസല്‍ പങ്കുവെച്ചത്.

‘ഗ്രാമത്തിലേക്ക് കടന്നതും പാതി വഴിയില്‍ ദുര്‍ഘടമായ റോഡ് കാരണം വണ്ടി ഉപേക്ഷിച്ച് നടന്നു. കുന്നും ചെരിവുമായ ഗ്രാമത്തില്‍ അധികം വീടുകളില്ല. കത്വ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. പൊലീസില്‍ ജോലിയുള്ള ഇമ്രാനാണ് വരന്‍. വീട്ടിലെത്തിയതോടെ വലിയ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഗോത്ര മനുഷ്യരുടെ ഹൃദയം നിറക്കുന്ന സ്നേഹാതിഥ്യത്തിന് മുമ്പില്‍ പരിഷ്‌കൃതരെന്ന് നടിക്കുന്ന നമ്മള്‍ തോറ്റു പോകും. വിവാഹ വേദിയിലെ വ്യത്യസ്ത അനുഭവങ്ങള്‍ വേറിട്ടൊരനുഭവം പകര്‍ന്നു. ദര്‍ദാനയുടെ അനിയത്തിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കളാണിവര്‍ എന്ന് ഞങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. നൂറില്‍ താഴെ മാത്രം ആളുകളേ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുളളു. ഒടുവില്‍ ഇറങ്ങാന്‍ നേരമായപ്പോള്‍ പെണ്‍കുട്ടിയുടെ ഉപ്പ അഖ്തര്‍ യൂസഫ്, ബന്ധു അംജദ് ഭായ്, സദ്ധാം, ഷിഫാസ് എല്ലാവരെയും ചേര്‍ന്ന് സെല്‍ഫിയെടുത്തു.

അവര്‍ക്ക് ഞങ്ങളോട് പലതും പറയാനുണ്ടാകാം. പ്രാദേശിക ഭാഷയാണ് തടസ്സം. പക്ഷെ നമ്മുടെ പൊന്നനുജത്തിയില്ലാത്ത ആ വീട്ടില്‍ എന്ത് പറയാനാണ്? അവിടെ മൗനമായിരുന്നു ഞങ്ങളുടെ ഭാഷ. പ്രാര്‍ത്ഥനയായിരുന്നു ഞങ്ങളുടെ സമ്മാനം. കാശ്മീരില്‍ നിന്ന് നിന്റെ നിലവിളി കേട്ടപ്പോള്‍ ഇങ്ങ് കേരളത്തില്‍ നിന്നാണ് ഞങ്ങള്‍ ഓടിയെത്തിയത്. കത്വ പെണ്‍കുട്ടിയെ ഉപദ്രവിച്ചവരെ നിയമപരമായി നിരന്തരം പിന്തുടരുന്നതിനെ പറ്റിയായിരുന്നു ഇന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. കത്വ കേസില്‍ നിരന്തരം സംഘര്‍ഷ നാളുകളാണ് പിന്നിട്ടത്. ഈ കല്ല്യാണവും മനസ്സില്‍ മറച്ച് പിടിച്ച ദുഃഖത്തിന്റെ മുഹൂര്‍ത്തമാണ്. ഈ മംഗല മുഹൂര്‍ത്തത്തിലെ പങ്കുചേരലും ഒരു സമരമായി അടയാളപ്പെടുത്തുകയാണ് ഞങ്ങളിവിടെ’, ഫൈസല്‍ ബാബു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ജമ്മുവിൽ നിന്ന് നാല്പത്തഞ്ച് കിലോമീറ്റർ അകലെയുള്ള സംബാ നഗരത്തോട് ചേർന്നു കിടക്കുന്ന ഉൾഗ്രാമത്തിൽ നിന്നാണ് ഈ കുറിപ്പ്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ സാഹിബും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഞാനും ഈ നിയമ യുദ്ധത്തിലെ മുൻനിര പോരാളി അഡ്വ. മുബീൻ ഫാറൂഖിയുമാണ് ഇവിടെ വന്നത്.

കത്വയിലെ പൊന്നുമോളുടെ ഇത്താത്ത ദർദാന അഖ്തറിന്റെ വിവാഹമായിരുന്നു. അവളുടെ ഉപ്പ യൂസഫ് ഭായിയുടെ തുടരെയുള്ള ക്ഷണപ്രകാരമാണ് ഞങ്ങൾ സാഹസപ്പെട്ടെത്തിയത്. പ്ലാറ്റിനം ജൂബിലി സമ്മേളനം സമാപിച്ചയുടനെ ചെന്നൈയിൽ നിന്ന് ജമ്മുവിലേക്ക് തിടുക്കപ്പെട്ട് യാത്ര തിരിച്ചു. അവർ ക്ഷണിച്ചതിനാൽ പങ്കെടുക്കണമെന്ന് സയ്യിദ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നെയിൽ വെച്ച് പറഞ്ഞിരുന്നു.

അവളുടെ ചാച്ച (എളാപ്പ) അംജദ് ഭായിയുടെ വീട്ടിലായിരുന്നു ദർദാനയുടെ ഷാദിക്കുള്ള ഒരുക്കങ്ങൾ. പോലീസിൽ ജോലിയുള്ള ഇമ്രാനാണ് വരൻ. ഞങ്ങളെത്തുമ്പോൾ ഉച്ചക്ക് ഒന്നര മണി. ഗ്രാമത്തിലേക്ക് കടന്നതും പാതി വഴിയിൽ ദുർഘടമായ റോഡ് കാരണം വണ്ടി ഉപേക്ഷിച്ച് ഞങ്ങൾ നേരെ നടന്നു. ഫോണിൽ വഴി പറഞ്ഞ് ഞങ്ങളെ പിന്തുടർന്ന അവളുടെ സഹോദരൻ ഷിഫാസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. കുന്നും ചെരിവുമായ ഗ്രാമത്തിൽ അധികം വീടുകളില്ല. ദൂരെ വർണ്ണത്തുണിയിലെ കുഞ്ഞുപന്തൽ കാണുന്നുണ്ട്. മംഗലവീടാണത്.

ദുർഘട വഴികൾ താണ്ടി വീട്ടിലെത്തിയ ഞങ്ങളെയവർ ഹൃദ്യമായി സ്വീകരിച്ചിരുത്തി. അകത്ത്, ബന്ധുക്കളുമായി വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടെ വെള്ള നിറത്തിലെ ചോറും മട്ടൻ കറിയും ബീഫ് വരട്ടിയതും മുമ്പിലെത്തി. കൈകഴുകാൻ ഷിഫാസ് മൊന്തയിൽ നിന്നും വെള്ളം പകർന്നു.

ഗോത്ര മനുഷ്യരുടെ ഹൃദയം നിറക്കുന്ന സ്‌നേഹാതിഥ്യത്തിന് മുമ്പിൽ പരിഷ്‌കൃതരെന്ന് നടിക്കുന്ന നമ്മൾ തോറ്റു പോകും.വരന്റെയും കുടുംബത്തിന്റെയും ബറാത് (തേടി വരവ്) കാത്ത് ചൂടുള്ള ‘ഹൽവ പറാത്ത’ തയ്യാറാക്കി വെച്ചിരുന്നു.(പൂരി പോലുള്ള അപ്പവും സേമിയ കൊണ്ടുള്ള മധുരവും..)

കൃത്യം മൂന്ന് മണിയായപ്പോൾ വരന്റെയും കൂട്ടരുടെയും ആഗമനം. ചന്ദന നിറത്തിൽ വർണ്ണക്കല്ലുകൾ കൊരുത്തു വെച്ച ഷെർവാണിയും, രാജകീയപ്രൗഢി വിളിച്ചോതുന്ന പകിടി- തലപ്പാവും, വട്ടത്തിൽ കോർത്ത് വെച്ച വലിയ നോട്ടുമാലയും, ആഡ്യത്തം നിറഞ്ഞ പാദരക്ഷയും ധരിച്ചു വരൻ വാഹനത്തിൽ നിന്നിറങ്ങിയത് വേറിട്ടൊരനുഭവം പകർന്നു.

അവളുടെ ദീദി ദർദാനയുടെ രാജകുമാരനിതാ മുന്നിൽ. പെട്ടെന്ന് വീട്ടിലെ സ്ത്രീകൾ കൂട്ടമായി അറബി-ഉർദു വരികളിലുള്ള പാട്ട് പാടി: ‘അസ്‌യെത്തി ഷായദ് ചെ നാ, ഷായദ് ചെ നാ,, സുന്ദർ മാലിയെ….’ മദീനയിലെത്തിയ പ്രവാചക തിരുമേനി (സ) യെ ത്വലഅൽ ബദറു ചൊല്ലി വരവേറ്റ ചരിത്രസ്മൃതി മനസ്സിലേക്കോടി വന്നു.വരനെ പന്തലിൽ കൈ കൊടുത്തു ആശംസ നേരുമ്പോൾ ‘ദർദാനയുടെ അനിയത്തിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കളാണിവർ” എന്ന ഒറ്റവാചകത്തിൽ അഡ്വ. മുബീൻ ഫാറൂഖി ഞങ്ങളെ പരിചയപ്പെടുത്തി.

ഗുജ്ജർ നാടോടി ഇടയ പാരമ്പര്യത്തിലെ ഗോത്ര രീതികളും വേഷങ്ങളും കണ്ടപ്പോൾ അഫ്ഗാൻ യുദ്ധകാലത്ത് ടൈം മാഗസിനിൽ വന്ന കാബൂളിലെയും തോറാബോറയിലെയും ചിത്രങ്ങൾ ഓർത്തു പോയി. നൂറിൽ താഴെ മാത്രം ആളുകൾ പങ്കെടുത്ത ആ കല്ല്യാണത്തിൽ സ്ത്രീകളെല്ലാം സൽവാർ ധരിച്ചപ്പോൾ ആണുങ്ങൾ കുർത്ത പൈജാമയും അതിനു മുകളിൽ പെഷവാരി ജാക്കറ്റും തലയിൽ വട്ടക്കെട്ടുമണിഞ്ഞു നിൽക്കുന്നു.. അതിനിടയിൽ ഞങ്ങൾ മൂന്ന് പേർ മാത്രം ജീൻസും ഷർട്ടുമണിഞ്ഞു ആ നിമിഷങ്ങളിൽ ലയിച്ചു ചേർന്നു.

ഒടുവിൽ ഇറങ്ങാൻ നേരമായി. ഉപ്പ അഖ്തർ യൂസഫ്, ചാച്ച അംജദ് ഭായ്, സദ്ധാം, ഷിഫാസ് എല്ലാവരെയും ചേർത്തു പിടിച്ച് ചിരി നിറഞ്ഞൊരു സെൽഫിയെടുത്തു. അവർക്ക് ഞങ്ങളോട് പലതും പറയാനുണ്ടാകാം. പ്രാദേശിക ഭാഷയാണ് തടസ്സം. എന്നാൽ മലർക്കോട്ടുകാരനായ അഡ്വ. മുബീന് ഏത് ഗോത്രഭാഷയും വഴങ്ങും.പക്ഷെ നമ്മുടെ പൊന്നനുജത്തിയില്ലാത്ത ആ വീട്ടിൽ എന്ത് പറയാനാണ്? അവിടെ മൗനമായിരുന്നു ഞങ്ങളുടെ ഭാഷ.. പ്രാർത്ഥനയായിരുന്നു ഞങ്ങളുടെ സമ്മാനം.. സ്വർഗ്ഗത്തിൽ അവളെ മടിയിലിരുത്തി ലാളിക്കുമെന്ന പ്രതീക്ഷയാണ് ഞങ്ങളുടെ പാഥേയം..

ഉറങ്ങൂ വാവേ.. ഞങ്ങളുടെ കണ്ണിലെ നനവ് കിനിഞ്ഞിറങ്ങുന്ന നിന്റെ ഖബറിൽ ദീദിയുടെ കയ്യിലെ മൈലാഞ്ചിച്ചോപ്പ് കിനാവ് കണ്ട് സുഖമായുറങ്ങുക.. നീ കൈപിടിച്ച് കളിച്ച് നടന്ന ഇത്താത്ത മുനീസയുടെ കല്യാണത്തിനും ഇനി ഞങ്ങൾ വരും. കാശ്മീരിൽ നിന്ന് നിന്റെ നിലവിളി കേട്ടപ്പോൾ ഇങ്ങ് കേരളത്തിൽ നിന്നാണ് ഞങ്ങൾ ഓടിയെത്തിയത്. ഞങ്ങളുടെ നേതാവ് പറഞ്ഞത് അക്ഷരംപ്രതി പുലർന്നിരിക്കുന്നു. നിന്റെ കുഞ്ഞുനിലവിളിയെ അനാഥമാക്കി ഞങ്ങളെങ്ങും പോകില്ല.മോളെ ഉപദ്രവിച്ചവരെ നിയമപരമായി നിരന്തരം പിന്തുടരുന്നതിനെ പറ്റിയായിരുന്നു ഇന്ന് മംഗലവീട്ടിലും ഞങ്ങൾ വട്ടം ചേർന്ന് ചിന്തിച്ചത്.

അന്ന് പഠാൻകോട്ടിൽ നിന്ന് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത് കോടതി അഞ്ചു മണിക്കടച്ച് രാത്രി 8 മണിക്കാണ് മുബീന്റെ സ്‌കോർപ്പിയോ കാറിലേക്ക് ഓടിക്കയറിയത്. പിന്നെ നിർത്താതെ മലർക്കോട്ടിലേക്ക് കുതിച്ചു പാഞ്ഞു. രാത്രി 12 മണിക്കും ഞങ്ങളെ സ്വീകരിക്കാൻ കാത്തു നിന്ന ആൾക്കൂട്ടം. മുബീനെ കരഞ്ഞു കെട്ടിപ്പിടിച്ച് സ്വീകരിച്ച ഉമ്മ..

കത്വവ കേസിൽ നിരന്തരം സംഘർഷ നാളുകളാണ് പിന്നിട്ടത്. ഈ കല്ല്യാണവും മനസ്സിൽ മറച്ച് പിടിച്ച ദുഃഖത്തിന്റെ മുഹൂർത്തമാണ്. സത്യത്തിൽ, പ്ലാറ്റിനം ജൂബിലിയുടെ ചെന്നൈ തിരക്കൊഴിയും മുമ്പ് അകലെ ജമ്മുവിലെ സാംബയിലെ ഉൾഗ്രാത്തിലേക്ക് ഓടിയെത്തിയത് എന്തിനാണ്? ചാച്ച അംജദ് ഭായി നിർബന്ധിച്ചിട്ട്.

ഹേയ്, അല്ലേയല്ല. നമ്മളെ വിളിച്ചത് അവളാണ്. അതെ, “എന്റെ ദീദിയുടെ ഷാദിക്ക് എന്റെ ബഡാ ഭായിമാരായ നിങ്ങള് വരണേ” എന്ന അവളുടെ കൊതിയാണ് അംജദിന്റെ വിളിയായി ഞങ്ങളെ തേടിയെത്തിയത്. പ്രിയരേ.. ഈ മംഗല മുഹൂർത്തത്തിൽ പങ്കുചേരലും ഒരു സമരമായി അടയാളപ്പെടുത്തുകയാണ് നമ്മളിവിടെ.

-വികെ ഫൈസൽ ബാബു

 

LEAVE A REPLY

Please enter your comment!
Please enter your name here