രാജ്യത്ത് എച്ച്3എൻ2 ബാധിച്ച് രണ്ട് മരണം കൂടി; കേരളത്തില്‍ എച്ച്1എൻ1 കേസുകള്‍ കൂടുന്നു

0
115

കൊവിഡ് 19ന് ശേഷം ആരോഗ്യമേഖല പലവട്ടം പല പ്രതിസന്ധികളിലൂടെ കടന്നുപോയി. ഇപ്പോഴിതാ എച്ച്3എൻ2, എച്ച്1എൻ1 വൈറസ് ബാധയാണ് രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ വീണ്ടും രണ്ട് പേര്‍ കൂടി വൈറസ് ബാധയില്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്.

എഴുപത്തിനാലും ഇരുപത്തിമൂന്നും വയസായ പുരുഷന്മാരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധയുമുണ്ടായിരുന്നുവത്രേ. അതേസമയം എച്ച്3എൻ2 ബാധിച്ച് മരണം സംഭവിക്കുകയില്ലെന്നും അനുബന്ധ ആരോഗ്യപ്രശ്നങ്ങളോ മറ്റ് അസുഖങ്ങളോ കൂടി വന്ന് ആരോഗ്യനില അവതാളത്തിലാകുന്നതാണ് മരണത്തിലേക്ക് രോഗിയെ നയിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി തനാജി സാവന്ത് പറഞ്ഞു.

നിലവില്‍ സംഭവിച്ച രണ്ട് മരണങ്ങളുടെയും സൂക്ഷമകാരണത്തിനായി കാത്തിരിക്കുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കാര്യമായ രീതിയിലാണ് എച്ച്3എൻ2 കേസുകള്‍ വര്‍ധിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ തുടരുന്നത്.

എച്ച്3എൻ2 വ്യാപനത്തിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളുടെ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു.

അതേസമയം കേരളത്തില്‍ എച്ച്1എൻ1 കേസുകളിലാണ് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍.

തുടര്‍ച്ചയായ ചുമ, പനി, കുളിര്, ശ്വാസതടം എന്നിവയാണ് എച്ച്3എൻ2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം. കടുത്ത പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് എച്ച്1എൻ1 വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here