‘വ്യായാമം ചെയ്യുന്നില്ലല്ലോ’ എന്ന ആശങ്ക അലട്ടാറുണ്ടോ? എങ്കിലിതാ നിങ്ങള്‍ക്കുള്ള പരിഹാരം….

0
220

പതിവായി വ്യായാമം ചെയ്യുന്നത് കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. പല അസുഖങ്ങളെയും പ്രതിരോധിക്കാനും ആകെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യപ്രശ്നങ്ങള്‍ അകറ്റാനും ഭംഗിയായും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമെല്ലാം ഇത് സഹായിക്കും.

എന്നാല്‍ വ്യായാമം ചെയ്യണമെന്നത് പലപ്പോഴും ഒരു ജോലിയായി മാറുകയാണ് മിക്കവരെയും സംബന്ധിച്ച്. വണ്ണം ഇത്തിരി കൂടിയാല്‍, വയറൊന്ന് ചാടിയാല്‍ ഉടനെ കാണുന്നവരെല്ലാം വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കാൻ തുടങ്ങും. സത്യത്തില്‍ വ്യാപകമായ ഈ ഉപദേശത്തില്‍ കഴമ്പില്ല.

വ്യായാമം ചെയ്യുന്നതാണ് ആരെ സംബന്ധിച്ചും നല്ല പതിവ്. അത് ആരോഗ്യത്തിന് ആവശ്യമാണുതാനും. എന്നാല്‍ നാലുപാടുനിന്നും വ്യക്തിയോട് ‘വ്യായാമം…. വ്യായാമം…’  എന്ന് അലമുറയിട്ടാല്‍ അത് വ്യക്തിയെ മാനസികമായി മോശമായി ബാധിക്കുകയാണ് ചെയ്യുക.

നിങ്ങള്‍ ഇത്തരത്തില്‍ വ്യായാമത്തെ ചൊല്ലി ആശങ്കപ്പെടുകയോ, അപകര്‍ഷത അനുഭവിക്കുകയോ ചെയ്യുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് സുഖകരമായി സമ്മര്‍ദ്ദങ്ങളില്ലാതെ ആ പതിവിലേക്ക് കടക്കാനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് പ്രയോജനപ്രദമാകും.

ഒന്ന്…

വളരെ പതിയെ മാത്രം വ്യായാമത്തിലേക്ക് കടന്നാല്‍ മതിയാകും. പെട്ടെന്ന് ശരീരത്തെ, മൊത്തത്തില്‍ പുതിയൊരു അന്തരീക്ഷത്തിലേക്ക് പറിച്ചുനടാമെന്ന് കരുതരുത്. അത് ഒരിക്കലും നല്ലതുമല്ല. ടെൻഷനൊന്നുമില്ലാതെ ചെറിയ സമയത്തേക്ക്, ചെറിയ വര്‍ക്കൗട്ടുകള്‍ ചെയ്ത് തുടങ്ങിയാല്‍ മതി.

രണ്ട്…

ദിവസത്തില്‍ ഇന്ന സമയത്ത് വ്യായാമം ചെയ്യണം എന്ന് നിര്‍ബന്ധം പറയുന്നവരുണ്ട്. എല്ലാ ദിവസവും ഒരേസമയം തന്നെ വ്യായാമം ചെയ്താല്‍ അത് നല്ല കാര്യം. എന്നുവച്ച് എല്ലാവര്‍ക്കും അത് സാധ്യമാകണം എന്നില്ല. അതിനാല്‍ കഴിയുന്ന സമയത്ത് വ്യായാമം ചെയ്താല്‍ മതി. ഭക്ഷണം കഴിച്ചയുടൻ വ്യായാമം ചെയ്യരുത്. ഇത് ശ്രദ്ധിക്കുക.

മൂന്ന്…

വര്‍ക്കൗട്ട് തുടങ്ങുമ്പോള്‍ മറ്റുള്ളവരില്‍ നിന്നുള്ള നല്ല വാക്കുകള്‍ക്കോ അഭിനന്ദനങ്ങള്‍ക്കോ പകരം സ്വയം തന്നെ ഇതെല്ലാം ചെയ്യുക. സ്വയം ആശ്രയിച്ച് മുന്നോട്ട് പോവുക.

നാല്…

വര്‍ക്കൗട്ടിന് പകരം ഇതേ ഗുണം കിട്ടുന്ന, കായികവിനോദങ്ങളോ മറ്റ് പ്രവൃത്തികളോ ചെയ്യാം. ഇത് മാനസികാരോഗ്യത്തിനും ഏറെ നല്ലതാണ്. അതുപോലെ വര്‍ക്കൗട്ടിനുള്ള മടി ഇതില്‍ ബാധിക്കുകയുമില്ല.

അഞ്ച്…

ഇനി, വര്‍ക്കൗട്ട് ചെയ്യുന്നതും ആസ്വദിക്കാവുന്നതാണ്. ഇത് എന്തോ ഭാരപ്പെട്ട ജോലിയാണ്, ഇതിന് കൃത്യമായ ഫലം കിട്ടില്ലേ, കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും എന്ന് തുടങ്ങിയ ആശങ്കകള്‍ മാറ്റിവച്ച് വര്‍ക്കൗട്ട് ചെയ്യുന്ന സമയത്തെ ആസ്വദിക്കാൻ പരിശീലിക്കാം.

ആറ്…

ഇടയ്ക്ക് വ്യായാമം മുടങ്ങുന്നതെല്ലാം സ്വാഭാവികമായി കരുതണം. ഇത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദത്തിലാകരുത്. പഴയ അതേ സന്തോഷത്തോടെ തിരികെ വര്‍ക്കൗട്ടിലേക്ക് മടങ്ങുക. ഒന്ന് മുടങ്ങി ഇനിയെന്താണ് ചെയ്തിട്ട് ഫലം എന്ന് ചിന്തിച്ച് നിരാശപ്പെടരുത്.

ഏഴ്…

എല്ലാ ദിവസവും ഒരേ വര്‍ക്കൗട്ട് ചെയ്യുന്നതും ചില വ്യക്തികളെ ബാധിക്കാം. അതിനാല്‍ ദിവസവും വ്യത്യസ്തമായ വര്‍ക്കൗട്ടുകളാക്കാം. ഇത് ഷെഡ്യൂള്‍ ചെയ്ത് വയ്ക്കാം. നടത്തം, നീന്തല്‍, പൂന്തോട്ട പരിപാലനം, കായികവിനോദങ്ങള്‍ എന്നിങ്ങനെ എന്തുമാകാം ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here