ഒഴിവാക്കൂ, ഈ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു ; വിദ​ഗ്ധർ പറയുന്നത്

0
302

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിലെ ഉയർന്ന പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് ടോളറൻസ് കുറയ്ക്കുകയും ചെയ്യും. കുക്കികളും ബിസ്‌ക്കറ്റും ചായയും കഴിച്ച് ആളുകൾ അവരുടെ ദിവസം ആരംഭിക്കുന്നതും സാധാരണമാണ്. എന്നിരുന്നാലും, കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, കൃത്രിമ ചേരുവകൾ എന്നിവ കൂടുതലുള്ള ഈ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ പല വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത മാത്രമല്ല അർബുദ സാധ്യത വരെ വർദ്ധിപ്പിക്കുന്നു.

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ അണ്ഡാശയ, മസ്തിഷ്ക അർബുദത്തിനും കൂടുതൽ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശീതളപാനീയങ്ങൾ, കുക്കികൾ, റെഡി-ടു ഈറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവയിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ദില്ലിയിലെ  സി കെ ബിർള ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാ​ഗം ലീഡ് കൺസൾട്ടന്റ് ഡോ.രഞ്ജൻ സിംഗ് പറയുന്നു.

ലണ്ടനിലെ ഇംപീരിയൽ കോളേജിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ 10 വർഷത്തിനിടയിൽ 2 ലക്ഷം മധ്യവയസ്‌കരുടെ ഭക്ഷണക്രമം വിലയിരുത്തി. അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗം മൊത്തത്തിലുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാൻസർ, പ്രത്യേകിച്ച് അണ്ഡാശയ, മസ്തിഷ്ക അർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി ഡോ .സിംഗ് പറഞ്ഞു.

ഒരു വ്യക്തിയുടെ ഭക്ഷണത്തിലെ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഓരോ 10% വർദ്ധനവിനും മൊത്തത്തിൽ കാൻസർ വരാനുള്ള സാധ്യത 2% വർദ്ധിക്കുകയും അണ്ഡാശയ അർബുദത്തിനുള്ള സാധ്യത 19% വർദ്ധിക്കുകയും ചെയ്യുന്നു. കാൻസറും വ്യാവസായിക രാസവസ്തുവായ അക്രിലമൈഡും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷണം കണ്ടെത്തി.

സംസ്കരണ സമയത്ത് ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ അഡിറ്റീവുകളും രാസ ഘടകങ്ങളും ഹോർമോൺ ഫലങ്ങളെ തടസ്സപ്പെടുത്തുകയും അതുവഴി അണ്ഡാശയ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് കൂടാതെ അൾട്രാ പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം, വൻകുടലിലെ കാൻസർ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

പുതിയതും കുറഞ്ഞ അളവിൽ സംസ്കരിച്ചതുമായ ഭക്ഷണങ്ങളോട് പ്രതികരിക്കുന്നത് പോലെ നമ്മുടെ ശരീരം അൾട്രാ പ്രോസസ് ചെയ്ത ചേരുവകളോട് പ്രതികരിക്കില്ല. അത്തരം ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ പുതിയതും പോഷകഗുണമുള്ളതും കുറഞ്ഞ അളവിൽ സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരു പ്രധാന പ്രതിരോധ നടപടിയാണെന്നും ഡോ സിംഗ് കൂട്ടിച്ചേർക്കുന്നു.

അണ്ഡാശയ അർബുദം ഇന്ത്യൻ സ്ത്രീകളിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് പ്രതിവർഷം 40,000 കേസുകൾ കണ്ടെത്തുന്നു. ഇന്ത്യൻ സ്ത്രീകളിൽ കാൻസർ മൂലമുള്ള മരണകാരണങ്ങളിലൊന്നാണിത്.

പൊണ്ണത്തടി, വന്ധ്യത, എൻഡോമെട്രിയോസിസ്, ഉദാസീനമായ ജീവിതശൈലി, പുകവലി, മദ്യപാനം എന്നിവ പോലുള്ള മറ്റ് അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും പരസ്പരവിരുദ്ധമായ ഫലങ്ങളാണ് നൽകുന്നത്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ അണ്ഡാശയ അർബുദത്തോടൊപ്പം പൊണ്ണത്തടി, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പൊതുവെ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here