ഉറക്കത്തില്‍ നിന്ന് വിളിക്കുമ്പോള്‍ ‘ഒരഞ്ച് മിനുറ്റ് കൂടി’ എന്ന് പറയുന്നവരാണോ നിങ്ങള്‍?

0
223

സുഖകരമായ, നീണ്ട നേരത്തെ ഉറക്കം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആവശ്യത്തിന് തണുപ്പും കാറ്റും ഇരുട്ടുമെല്ലാം അകമ്പടിക്കുണ്ടെങ്കില്‍ ശാന്തമായ ഉറക്കത്തിന് പിന്നെ വേറൊന്നും വേണ്ട. പുതച്ചുമൂടി ശല്യങ്ങളൊന്നുമില്ലാതെ ഉറങ്ങിയാല്‍ മാത്രം മതി.

ഈ ഉറക്കത്തില്‍ നിന്നും മറ്റാരെങ്കിലും വിളിച്ചുണര്‍ത്തുകയോ, അലാം അടിക്കുകയോ എല്ലാം ചെയ്താല്‍ ‘ഒരഞ്ച് മിനുറ്റ് കൂടി…’ എന്നോ ‘ഇത്തിരി നേരം കൂടി…’ എന്നോ പറയുന്നവരാണോ നിങ്ങള്‍?

എങ്കില്‍ ഇന്നത്തെ ദിവസം നിങ്ങളുടേതാണ്. മറ്റൊന്നുമല്ല- ഇന്ന് ലോക ഉറക്ക ദിനമാണ്. ഓരോ വര്‍ഷവും മാര്‍ച്ചിലെ ഒരു വെള്ളിയാഴ്ചയാണ് ഉറക്കദിനമായി വരിക. സീസണല്‍ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ദിനം നിശ്ചയിക്കുന്നത്. ഇക്കുറി, മാര്‍ച്ച് 17നാണ് ഉറക്കദിനം.

ഉറക്കദിനത്തില്‍ സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ ഉറക്കവുമായി ബന്ധപ്പെട്ട തമാശകളും ചര്‍ച്ചകളുമാണ് സജീവമായി നില്‍ക്കുന്നത്. ഉറങ്ങാനിഷ്ടമില്ലാത്തവരുണ്ടാകില്ല. എങ്കിലും ചിലര്‍ക്ക് ജീവിതത്തില്‍ ഏറ്റവും പ്രധാനവും ഏറ്റവും വലിയ സന്തോഷവും ഉറക്കമായിരിക്കും.

ഇത്തരക്കാരാണ് സോഷ്യല്‍ മീഡിയയില്‍ ഉറക്കദിനം ആഘോഷമാക്കുന്നത്. ഒന്നും ചെയ്യാതെ വെറുതെ ഒരിടത്ത് കിടന്ന് കണ്ണടച്ചുകൊണ്ട് ആഘോഷിക്കാൻ പറ്റുന്ന ഏത് ദിനമുണ്ടെന്നും, ഇന്നേ ദിവസം എല്ലാവരും ജോലിയില്‍ നിന്ന് അവധി ചോദിച്ചുവാങ്ങി ആഘോഷിക്കണമെന്നുമെല്ലാം മീമുകളും മറ്റും പങ്കുവച്ച് രസകരമായി ഇവര്‍ വാദിക്കുന്നു. ഇത്തരത്തില്‍ ഉറക്കദിനവുമായി ബന്ധപ്പെട്ട് വന്ന ചില രസകരമായ മീമുകളും ട്വീറ്റുകളുമാണിനി പങ്കുവയ്ക്കുന്നത്…

ഉറക്കം എന്നത് നിത്യജീവിതത്തിലെ ആസ്വാദ്യകരമായ ഘടകമാണെങ്കില്‍ പോലും ഇന്ന് സുഖകരമായ ഉറക്കം പലരടെയും സ്വപ്നമായി മാറുന്ന അവസ്ഥയാണ്. ഈ സാഹചര്യം തീര്‍ച്ചയായും മാറ്റിയേ പറ്റൂ. ദിവസവും തുടര്‍ച്ചയായി 7- 8 മണിക്കൂര്‍ ഉറക്കമെങ്കിലും രാത്രിയില്‍ ഉറപ്പിക്കാൻ സാധിക്കണം. ഇത് ഒരുപാട് ആപോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി മാനസികാരോഗ്യം, ഉത്പാദനക്ഷമത, സാമൂഹികജീവിതം, വൈകാരികാവസ്ഥകള്‍, വ്യക്തിബന്ധങ്ങള്‍ എന്നിവയെല്ലാം ഭംഗിയാക്കി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here