മംഗളൂരുവില്‍ ജ്വല്ലറി ജീവനക്കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍

0
258

മംഗളൂരു: മംഗളൂരു ഹമ്പന്‍കട്ട മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ജ്വല്ലറിയില്‍ ജീവനക്കാരനെ കുത്തിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍. കൊയിലാണ്ടി തൂവക്കോട് ചേനഞ്ചേരി ചാത്തനാടത്ത് താഴെ ഹൗസിലെ ഷിഫാസ് പി.പി (33)യാണ് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രപരിസരത്ത് വെച്ച് ഉച്ചയ്ക്ക് ശേഷം അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുല്‍റഹീം എന്നിവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുമാസത്തോളം പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിയെ വലയിലാക്കാന്‍ സാധിച്ചത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ സി.പി.ഒ നിജിന്‍കുമാര്‍, രതീഷ് കാട്ടാമ്പള്ളി, സുജിത്, സജീഷ്, ചെറിയാന്‍ എന്നിവരുമുണ്ടായിരുന്നു. സമാന രീതിയില്‍ കവര്‍ച്ച നടത്താനുള്ള നീക്കവുമായാണ് പ്രതി കാസര്‍കോട്ട് എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
പട്ടാപ്പകല്‍ നടന്ന ദാരുണ കൊലപാതകത്തിലെ പ്രതിയെ പിടികൂടാന്‍ മംഗളൂരു പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഒരു മാളിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ചിത്രം മാത്രമായിരുന്നു പ്രതിയിലേക്ക് വിരല്‍ചൂണ്ടുന്ന ഏക സൂചന. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമാകാത്തതും വെല്ലുവിളിയായിരുന്നു.
ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 3.30 മണിയോടെ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ കൊലയാളി ജ്വല്ലറി ജീവനക്കാരനായ രാഘവേന്ദ്ര ആചാര്യ(54)യുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച ശേഷം കടന്നുകളയുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ജ്വല്ലറിയില്‍ രാഘവേന്ദ്ര തനിച്ചായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ജ്വല്ലറി ഉടമ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാഘവേന്ദ്ര ആചാര്യയെയാണ് കണ്ടത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here