ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം: സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകി കേന്ദ്രം

0
174

ദില്ലി: ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്.

2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതായത്, മൂന്നാമത്തെ വയസിൽ കെജി വിദ്യാഭ്യാസം. ആറ് വയസിൽ ഒന്നാം ക്ലാസ്. പിന്നീട് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയിരിക്കുന്നത്.

ഈ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസിലെ പ്രവേശനത്തിന് ആറ് വയസ് പൂർത്തിയായിരിക്കണം. എന്നാൽ കേരളത്തിൽ അഞ്ചാം വയസിൽ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ഇത് നടപ്പിലാക്കണമെന്ന് കാട്ടിയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എൻസിആർടി സിലബസ് പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങളിൽ കേരളത്തിൽ ഈ മാനദണ്ഡം നടപ്പാക്കിയിട്ടുണ്ട്.

എന്നാൽ സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സർക്കാർ – എയ്‌ഡഡ് സ്കൂളുകളിലും സിബിഎസ്ഇ സ്കൂളുകളിലും മറ്റും അഞ്ച് വയസിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ട്. അടുത്ത അധ്യയന വർഷത്തിൽ പ്രവേശനം നടപടികൾ പല സ്കൂളുകളിലും ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആറ് വയസ് മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here