മസ്ജിദുകളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന് ഇസ്ലാമില്‍ വിലക്കില്ല; സുപ്രീംകോടതിയില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

0
180

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോ പ്രാര്‍ഥന നടത്തുന്നതിനോ വിലക്കുകളില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം സ്ത്രീകള്‍ പള്ളികളില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് വിലക്കുണ്ടെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇസ്ലാം മത വിശ്വാസ പ്രകാരം ഒരേ വരിയിലോ പള്ളിയിലെ പൊതു ഇടത്തിലോ സ്ത്രീയും പുരുഷനും ഇടകലരുന്നത് സാധ്യമല്ല . എന്നാല്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ നമസ്‌കരിക്കുന്നതിന് പ്രത്യേക സ്ഥലം വേര്‍തിരിച്ച് നല്‍കുന്നതിലൂടെ ഈ വിഷയം പരിഹരിക്കാമെന്നും ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കുന്നു.

മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം സ്ത്രീയും ആക്ടിവിസ്റ്റുമായ അഡ്വ. ഫര്‍ഹ അന്‍വര്‍ നല്‍കിയ ഹര്‍ജിയിലാണ് അഖിലേന്ത്യാ മുസ്ലീം നിയമ ബോര്‍ഡിന്റെ മറുപടി. ഭരണഘടനാപരമായ അവകാശങ്ങളുടെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണിത്. ഇത്തരത്തിലൊരു ഉപരോധം ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നും അഡ്വ. ഫര്‍ഹ അന്‍വര്‍ പറയുന്നു.

പ്രവാചകന്‍ മുഹമ്മദ് പുരുഷന്മാരോട് ഭാര്യമാരെ പള്ളിയില്‍ കൊണ്ടുപോകണമെന്ന് ഉപദേശിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. അതിന് ഒരു ഉത്തമ ഉദാഹരണമാണ് മക്കയിലും മദീനയിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തീര്‍ത്ഥാടനം നടത്തുന്നത്. അതേ സമയം ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ മുഴുവനായി അംഗീകരിക്കാന്‍ ബോര്‍ഡ് തയ്യാറല്ല. ലിംഗ വിഭജനം വിശുദ്ധ ഗ്രന്ഥങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അത് മതപരമായ ആവശ്യമാണെന്നുമാണ് ബോര്‍ഡിന്റെ നിലപാട്. ഇന്ത്യയിലെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അംഗീകരിക്കാം എന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. ഇനി പുതിയ പള്ളികള്‍ നിര്‍മിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഇത്തരം സൗകര്യങ്ങളോട് കൂടി നിര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here