മുസ്‌ലിം ലീഗ് പുനഃസംഘടന മാർച്ചിൽ; തർക്കങ്ങളുണ്ടാകില്ലെന്ന് പി.എം.എ സലാം

0
128

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി മാർച്ച് ആദ്യവാരം രൂപീകരിക്കുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. തർക്കങ്ങളില്ലാതെ തന്നെ പുനഃസംഘടന പൂർത്തിയാക്കുമെന്നും പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു. ഉന്നതാധികാര സമിതിക്ക് പകരമായി 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും ഈ പുനഃസംഘടനയിൽ നിലവിൽ വരും.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന ലക്ഷ്യമാക്കി ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. 14 ജില്ലാ കമ്മിറ്റികളും ഫെബ്രുവരി 28ന് മുമ്പ് നിലവിൽ വരുമെന്നും തർക്കങ്ങളില്ലാതെ നിയമാനുസൃതം എല്ലാം പൂർത്തിയാക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

മാർച്ച് മൂന്നിന് നിലവിലെ സംസ്ഥാന കമ്മിറ്റിയുടെ അവസാന യോഗം കോഴിക്കോട് ചേരും. നാലാം തീയതി പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗവും ചേരും. പരിഷ്കരിച്ച പാർട്ടി ഭരണഘടനാനുസൃതമായാണ് ഇത്തവണ കമ്മിറ്റികൾ തെരഞ്ഞെടുക്കുന്നത്.

ഒരാൾക്ക് ഒരു പദവി നയം കർശനമായി നടപ്പാക്കാനാണ് തീരുമാനം. ഇതെല്ലാം അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളുമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കുമെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും പി.എം.എ സലാം വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here