മരിച്ചെന്ന് കരുതി സംസ്കരിച്ച 60 കാരൻ ജീവനോടെ വീഡിയോ കോളില്‍

0
187

മരിച്ചെന്ന് കരുതി കുടുംബം സംസ്കരിച്ച 60 കാരനെ ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. രണ്ട് മാസം മുമ്പ് കാണാതായ റഫീഖ് ഷൈഖ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ജീവനോടെ കണ്ടെത്തിയത്. സുഹൃത്തുമായി ഇയാൾ നടത്തിയ വീഡിയോ കോൾ സാമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജീവനോടെയുള്ള വിവരം പുറത്തറിയുന്നത്.

ജനുവരി 29 ന് ബോയ്‌സർ-പാൽഘർ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളം മുറിച്ചുകടക്കുന്നതിനിടെ മരിച്ച അജ്ഞാതൻ്റെ ചിത്രങ്ങൾ റെയിൽവേ പൊലീസ് പുറത്തുവിട്ടിരുന്നു. രണ്ട് മാസം മുമ്പ് കാണാതായ റഫീഖ് ഷെയ്ഖാണെന്ന് അവകാശപ്പെട്ട് ഇയാളുടെ സഹോദരൻ പൊലീസിനെ സമീപിച്ചു. തുടർന്ന് കേരളത്തിലായിരുന്ന റഫീഖിന്റെ ഭാര്യയെ പൊലീസ് ബന്ധപ്പെടുകയും അവര്‍ പാല്‍ഘറിലെത്തി മൃതശരീരം തിരിച്ചറിയുകയും ചെയ്തു.

എന്നാൽ ഞായറാഴ്ച മരിച്ചെന്ന് കരുതിയ ഷെയ്ഖിന്റെ ഒരു സുഹൃത്ത് യാദൃശ്ചികമായി വീഡിയോ കോൾ ചെയുകയും റഫീഖ് കോള്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്തു. ഇരുവരും സംസാരിക്കുകയും താൻ സുഖമായിരിക്കുന്നുവെന്ന് ഷെയ്ഖ് തന്റെ സുഹൃത്തിനെ അറിയിക്കുകയും ചെയ്തു. പിന്നാലെ വീഡിയോ കോൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വിവരമറിഞ്ഞ കുടുംബം ഷെയ്ഖുമായി ബന്ധപ്പെടുകയും സംഭവവികാസത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തു.

പൽഘറിലെ ഒരു അഗതിമന്ദിരത്തിൽ കഴിഞ്ഞിരുന്ന ഇയാളെ ഞായറാഴ്ച പൊലീസ് കണ്ടെത്തി. അതേസമയം കുടുംബം സംസ്കരിച്ച മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here