രാഷ്ട്രീയ അക്രമ കേസുകൾ കോടതിയിലെത്തിയാൽ സിപിഎം–ബിജെപി ‘ഭായി ഭായി’; കള്ളാർ കേസിൽ സംഭവിച്ചത്..

0
173

കാസർകോട് ∙ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കള്ളാർ കേസിൽ 12 സിപിഎം പ്രവർത്തകരും കാഞ്ഞങ്ങാട് കേസിൽ 12 ബിജെപി പ്രവർത്തകരും കുറ്റ വിമുക്തരായതോടെ ഇരുപാർട്ടികളുടെയും രഹസ്യ ബന്ധം പുറത്തായെന്ന ആരോപണം ശക്തമാകുന്നു. ജില്ലയിലെ സിപിഎം–ആർഎസ്എസ് അക്രമങ്ങളിൽ പരസ്പരം തോറ്റു കൊടുത്ത് ഇരുപാർട്ടികളും കേസുകൾ ഒത്തു തീർപ്പാക്കുന്നതായാണ് ആരോപണം. കേസുകളിൽ നേരത്തേ പൊലീസിനു നൽകിയ മൊഴികളിൽ നിന്നു വിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞാണ് സിപിഎമ്മും ആർഎസ്എസും സ്വന്തം അണികളെ കേസിൽ നിന്നു രക്ഷിച്ചെടുക്കുന്നത്. പ്രതികളായ എതിർപാർട്ടി അണികൾ കോടതിയിലെത്തുമ്പോൾ ഇവരാണോ അക്രമം നടത്തിയതെന്ന് ഉറപ്പില്ലെന്നു മൊഴി നൽകുന്നതാണു പതിവ്.

ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കള്ളാർ കേസിൽ സംഭവിച്ചത്

2018 നവംബർ 17ന് നടന്ന ഹിന്ദുഐക്യവേദി ഹർത്താലിനിടെ കള്ളാറിൽ ബിജെപി പ്രവർത്തകരെ അടക്കം മർദിച്ചതിന് സിപിഎം ജില്ലാ കമ്മിറ്റി അംഗവും പനത്തടി ഏരിയാ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗം പി.കെ.രാമചന്ദ്രൻ, ചുള്ളിക്കര ലോക്കൽ കമ്മിറ്റി അംഗം സിനു കുര്യാക്കോസ് തുടങ്ങി 12 സിപിഎം പ്രവർത്തകർ പ്രതികളായ വധശ്രമക്കേസെടുത്തിരുന്നു. എന്നാൽ കാസർകോട് അഡീഷനൽ സെഷൻസ് കോടതി (3)ൽ നടന്ന വിചാരണക്കിടെ ബിജെപി പ്രവർത്തകർ കൂറുമാറി. 8 സാക്ഷികളും പ്രതികളെ അറിയില്ലെന്നു പറഞ്ഞു.

കള്ളാറിൽ വച്ച് 1 മുതൽ 6 വരെ പ്രതികൾ ഉൾപ്പെടെ 50ഓളം പേർ ചേർന്ന് ഇരുമ്പു വടി ഉൾ‍പ്പെടെയുള്ള ആയുധങ്ങൾ കൊണ്ട് അടിച്ചും സോഡാക്കുപ്പി എറിഞ്ഞും പരുക്കേൽപ്പിച്ചു എന്നായിരുന്നു പരാതിക്കാരനായ എ.കെ.ഭാസ്കരൻ അടക്കമുള്ളവർ അക്രമം നടന്ന ഉടനെ പൊലീസിൽ നൽകിയ മൊഴി. ഒന്നാം പ്രതി ഇരുമ്പുവടി കൊണ്ട് അടിക്കുന്ന സമയത്തു കൈകൊണ്ട് തടുത്തില്ലായിരുന്നായിരുന്നെങ്കിൽ മർമസ്ഥാനത്ത് കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും രാഷ്ട്രീയ വിരോധമാണ് അക്രമത്തിനു കാരണമെന്നും ഭാസ്കരൻ പൊലീസിനു നൽകിയ മൊഴിയിലുണ്ടായിരുന്നു.

എന്നാൽ കോടതിയിൽ വിചാരണ നടക്കവെ എ.കെ.ഭാസ്കരൻ ഉൾപ്പെടെ 1 മുതൽ 8 വരെ സാക്ഷികൾ പ്രതിപ്പട്ടികയിലുള്ള സിപിഎം പ്രവർത്തകർ അക്രമി സംഘത്തിൽ ഉൾപ്പെട്ടവരല്ലെന്നും ആരെയും തിരിച്ചറിയാൻ സാധിച്ചില്ലെന്നും മൊഴി നൽകി. ഇതോടെ 12 സിപിഎം പ്രവർത്തകരെയും കോടതി വെറുതേ വിട്ടു.

മുൻ മന്ത്രിയെ ആക്രമിച്ച കേസിൽ  ബിജെപിക്ക് വേണ്ടി സിപിഎം  ചെയ്തത്

മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ.ചന്ദ്രശേഖരനെ 2016 മേയ് 19ന് ആക്രമിച്ച കേസിലെ പ്രതികളെ ഇ.ചന്ദ്രശേഖരൻ തിരിച്ചറിഞ്ഞതായി പറഞ്ഞപ്പോൾ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള സാക്ഷികൾ മന്ത്രിയെ ആക്രമിച്ച പ്രതികൾ അവരാണെന്ന് ഉറപ്പില്ലെന്നു മന്ത്രിയുടെ അഭിപ്രായത്തിനു വിരുദ്ധമായി പറഞ്ഞു. കേസിൽ 12 ആർഎസ്എസ്–ബിജെപി പ്രവർത്തകരെ സിപിഎം നേതാക്കൾ കൂറു മാറിയതിനെത്തുടർന്ന് കോടതി വിട്ടയയ്ച്ചു.

‘ആക്രമിച്ചവരുടെ കൂട്ടത്തിൽ മാവുങ്കാലിലെ ബിജെപി–ആർഎസ്എസ് പ്രവർത്തകരായ ബലരാമൻ, പ്രദീപ്, രാജേഷ്, അനൂപ്, ബാബു, രാഹുൽ സുധീഷ്,അരുൺ‌ എന്നിവരാണ് ഉണ്ടായിരുന്നത്. ഞങ്ങളെ ആക്രമിച്ച മറ്റുള്ളവരെയും കണ്ടാൽ അറിയാം. ഡിവൈഎസ്പി ഓഫിസിൽ വച്ച് 6 പ്രതികളെ നേരിൽ കണ്ടു. അവർ ആറു പേരും അക്രമി സംഘത്തിൽ ഉള്ളവരാണ്.

ഞങ്ങളെ ആക്രമിച്ചവരെ എല്ലാം ഞങ്ങൾക്ക് ഇനിയും കണ്ടാൽ അറിയാം.’ എന്നാണ് സിപിഎം നേതാവ് ടി.കെ.രവിയും അനിൽ ബങ്കളവും പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് കോടതിയിൽ കൂട്ടിലുള്ള പ്രതികൾ അക്രമി സംഘത്തിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞതായി ഞാൻ പൊലീസിനു മൊഴി കൊടുത്തിട്ടില്ലെന്നും ഇരുവരും കോടതിയിൽ മൊഴി തിരുത്തിപ്പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here