സെക്സ് നിഷേധിച്ചതിന് ഭാര്യയെ കൊന്ന് യുവാവ്; ജീവപര്യന്തം നല്‍കിയില്ല, പ്രതിഭാഗം വാദം അംഗീകരിച്ച് കോടതി, കാരണം

0
80

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ നല്‍കാതെ കോടതി. പെട്ടെന്നുള്ള ദേഷ്യത്തിലും പ്രകോപനമുണ്ടായതിനെ തുടര്‍ന്നുമാണ് യുവാവ് കൊലപാതകം നടത്തിയതെന്ന് നിരീക്ഷിച്ചാണ് കോടതി ഏറ്റവും കടുത്ത ശിക്ഷയില്‍ നിന്ന് യുവാവിനെ ഒഴിവാക്കിയത്. ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിക്കാതിരുന്നതാണ് യുവാവിനെ പെട്ടെന്ന് പ്രകോപിതനാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന പുരുഷനുമായി മാത്രമെ ലൈംഗിക ബന്ധത്തിലേര്‍പ്പെടൂ എന്ന് ഭാര്യ പറഞ്ഞതും യുവാവിന്‍റെ ദേഷ്യം കൂട്ടിയെന്ന് പ്രതിഭാഗം വാദിച്ചു. ഇക്കാര്യങ്ങളാണ് വഴക്കില്‍ കലാശിച്ചതെന്നും പെട്ടെന്ന് യുവാവ് പ്രകോപിതനായതാണ് കൊലപാതകത്തിന് കാരണമായതെന്നും മഹിള കോടതി ജഡജ് മൊഹമ്മദ് ഫറൂഖ് പറഞ്ഞു. അതേസമയം, പ്രതിയായ ശ്രീനിവാസൻ ഐപിസി സെക്ഷൻ 304 പാര്‍ട്ട് ഒന്ന് പ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍, സെക്ഷൻ 302 ഒഴിവാക്കണമെന്ന പ്രതിഭാഗം വാദം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീനിവാസനെ കൊലക്കുറ്റത്തിന് 10 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചിട്ടുള്ളത്. 5,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ശ്രീനിവാസന്‍റെ മകന്‍റെ മൊഴി കേസില്‍ നിര്‍ണായമായി മാറിയിട്ടുണ്ട്. പിതാവായ ശ്രീനിവാസൻ അമ്മയായ അമ്മുവിനെ കൊലപ്പെടുത്തുമ്പോള്‍ എട്ട് വയസായിരുന്നു മകന്‍റെ പ്രായം. ശരവണന്‍ എന്നയാളുമായുള്ള അമ്മുവിന്‍റെ ബന്ധത്തെ കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും 2018 ഓഗസ്റ്റ് 27 ന് രാത്രി അണ്ണാനഗർ വെസ്റ്റിലുള്ള വീട്ടില്‍ വച്ച്  ശ്രീനിവാസൻ അമ്മയെ കുത്തുന്നത് കണ്ടതായി കുട്ടി മൊഴി നല്‍കിയിരുന്നു.

എന്നാല്‍, ശ്രീനിവാസൻ ആസൂത്രിതമായി ഭാര്യയെ കൊലപ്പെടുത്തിയതല്ലെന്നും പ്രകോപനം മൂലമാണ് കുറ്റകൃത്യം നടന്നതെന്നും പ്രതിഭാഗം വാദിച്ചു. അമ്മുവിനോട് കടുത്ത വിദ്വേഷം ശ്രീനിവാസന് ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ മറുവാദം. എന്നാല്‍, കോടതി പ്രോസിക്യൂഷൻ വാദം തള്ളുകയായിരുന്നു. അമ്മയെ നഷ്ടപ്പെട്ട കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി സര്‍ക്കാരിനും നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here