രണ്ട് കോടി ലോട്ടറിയടിച്ചു, എന്നിട്ടും കോടതിയിൽ പണമടക്കാത്തതിന് 52 -കാരൻ ജയിലിൽ

0
149

രണ്ട് കോടിയിലധികം രൂപ ലോട്ടറിയടിച്ചയാൾ കോടതിയിൽ അടക്കേണ്ടുന്ന തുക അടക്കാനില്ലാത്തതിനാൽ ജയിലിലായി. എന്നാലും, ഇത്രയധികം പണം ഇയാൾ എങ്ങനെ ചെലവാക്കി കളഞ്ഞു എന്ന് അന്തംവിട്ടിരിക്കുകയാണ് കോടതിയും നാട്ടുകാരും. സ്കോട്ട്ലാൻഡിൽ നിന്നുള്ള ജെറി ഡൊണാൾഡ്‌സൺ എന്ന 52 -കാരനാണ് അറസ്റ്റിലായത്. ലോട്ടറി സമ്മാനമായി കിട്ടിയ തുക മുഴുവനും ഇയാൾ ചെലവാക്കി കളഞ്ഞു എന്നാണ് കരുതുന്നത്.

കഞ്ചാവ് വളർത്തിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാളാണ് ജെറി. 2018 -ൽ 11 ലക്ഷത്തിലധികം രൂപ അടക്കാനും ഉത്തരവായി. എന്നാൽ, അയാൾ അത് അടച്ചില്ല. അതിനാൽ തന്നെ പലിശയും മറ്റും ചേർന്ന് അത് 12 ലക്ഷത്തിലധികം രൂപയായി മാറി.

2010 -ലാണ് ജെറിക്ക് ലോട്ടറിയടിച്ചത്. എന്നാൽ, ആ തുക എവിടെ പോയി എന്ന് ആർക്കും ഒരു പിടിയുമില്ല. പ്രോസിക്യൂട്ടർ ഫിയോണ ഹാമിൽട്ടൺ പറഞ്ഞത്: “ഇയാൾക്ക് കുറച്ച് മുമ്പ് ലോട്ടറിയടിച്ച് നല്ലൊരു തുക കിട്ടിയിട്ടുണ്ട്. പക്ഷേ അത് എവിടെ പോയി എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല” എന്നാണ്.

അതിന് പുറമെ 2012 -ൽ ജെറി തന്റെ വീ‍ട് വിൽക്കുകയുണ്ടായി. അതിൽ നിന്നും കിട്ടി 36 ലക്ഷം. എന്നാൽ, അതും എവിടെ പോയി എന്നതിനെ കുറിച്ച് യാതൊരു പിടിയും ആർക്കുമില്ല. പ്രോസിക്യൂട്ടർ തന്നെ നേരിട്ട് ജെറിയോട് 10 വർഷം മുമ്പ് ലോട്ടറിയടിച്ച തുക എവിടെയാണ് എന്ന് അന്വേഷിക്കുക പോലും ചെയ്തു.

എന്നാലും, ഇത്ര എളുപ്പം എങ്ങനെയാണ് ഇത്രയും വലിയ തുക കാണാതെയാവുന്നത് എന്നതിനെ ചൊല്ലി കോടതിക്ക് മാത്രമല്ല ആശ്ചര്യം. ജെറിയുടെ അയൽക്കാരും അയാളെ അറിയുന്നവരും മൊത്തം അന്തംവിടുകയാണ്. ഒരു അയൽക്കാരൻ പറഞ്ഞത്, എന്നാലും എങ്ങനെയാണ് ഒരാൾക്ക് ഇത്ര വേ​ഗം ഇത്രയധികം പണം ചെലവാക്കാൻ സാധിക്കുക എന്നാണത്രെ. ജെറിക്ക് കുട്ടികളുണ്ട്. എന്നാലും കുട്ടികളെ നോക്കിയാലും ഇത്രയധികം പണം ഇല്ലാതെയാവുമോ എന്നും അയൽക്കാർ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here