മാലിന്യ നിർമാർജനം: വീട്ടുടമകൾ നൽകേണ്ട യൂസർഫീ കെട്ടിട നികുതിയെക്കാൾ കൂടും

0
182

തിരുവനന്തപുരം ∙ ഒരു വർഷം നൽകുന്ന കെട്ടിട നികുതിയെക്കാൾ കൂടുതൽ തുക ഏപ്രിൽ മുതൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യൂസർ ഫീ ആയി ഒരു വിഭാഗം വീട്ടുടമകൾ നൽകേണ്ടി വരും. വീടുകളും സ്ഥാപനങ്ങളും പൊതുപരിപാടികളുടെ സംഘാടകരും യൂസർ ഫീ നൽകുന്നതു നിർബന്ധമാക്കാൻ പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തദ്ദേശ വകുപ്പ് തീരുമാനിച്ചതോടെയാണിത്.

ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിഗണിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷയ്ക്കൊപ്പം യൂസർ ഫീ നൽകിയതിന്റെ കാർഡിന്റെയോ രസീതിന്റെയോ പകർപ്പ് ലഭ്യമാക്കാനും സ്ഥാപനത്തിനു നിർദേശിക്കാം. ഇതു തദ്ദേശ സ്ഥാപന ഭരണസമിതിയുടെ തീരുമാനപ്രകാരമായിരിക്കും.

കുടുംബശ്രീക്കു പങ്കാളിത്തമുള്ള ഹരിത കർമേസേന നിലവിൽ വീട്ടുടമകളിൽ നിന്നു പ്രതിമാസം 50 രൂപ മുതൽ 100 രൂപ വരെയാണു യൂസർ ഫീ ആയി പിരിക്കുന്നത്. പല വീടുകൾക്കും 500 രൂപയിൽ താഴെ മാത്രമാണു വാർഷിക കെട്ടിട നികുതി എന്നതിനാൽ ഇതിലും കൂടുതൽ തുക യൂസർ ഫീ ആയി നൽകേണ്ടി വരും.

30,890 ഹരിതകർമ സേന അംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുതിനു സർക്കാരിനു കീഴിലെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പ്രതിഫലം നൽകുന്നുണ്ട്. സേനയിലെ ഓരോ അംഗത്തിനും പ്രതിമാസം 10,000 രൂപ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി പരിഗണിച്ചാണ് യൂസർ ഫീ നിർബന്ധമാക്കുന്നത്.

ശേഖരിക്കുന്നത് അജൈവ മാലിന്യം

പ്രതിമാസം നിശ്ചിത കലണ്ടർ പ്രകാരം പ്ലാസ്റ്റിക്, ചെരിപ്പ്, തുണി, ഇ മാലിന്യങ്ങൾ തുടങ്ങിയ അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണമാണു ഹരിതകർമ സേന നടത്തുന്നത്. ജൈവമാലിന്യ സംസ്കരണ പ്ലാന്റുകൾ ഉള്ള അപൂർവം സ്ഥലങ്ങളിലും ഏതാനും നഗര മേഖലകളിലും വീട്ടിലെ ഭക്ഷണമാലിന്യം ഉൾപ്പെടെയുള്ള ജൈവമാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ഇതിനു പ്രത്യേകം 200 – 400 രൂപ നൽകണം.

വീടുകളിൽ നിന്നു പുറംതള്ളുന്ന ഡയപ്പർ, സാനിറ്ററി നാപ്കിൻ, ഡിസ്പോസബിൾ സിറിഞ്ച് തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങൾ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ശേഖരിക്കുന്നില്ല. കൊച്ചി കോർപറേഷനിലെ ചില വാർഡുകളിലും തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി നഗരസഭകളിൽ ഇവ ശേഖരിച്ച് കൊച്ചിയിലെ ബയോ മെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റിൽ എത്തിക്കുന്നുണ്ട്.

മാലിന്യ സംസ്കരണ നയം വരും: മന്ത്രി

‘സംസ്ഥാനത്തിന് പൊതുവായി മാലിന്യസംസ്കരണ നയം കൊണ്ടു വരും. മാലിന്യത്തിൽ നിന്നു വരുമാനവും തൊഴിലും ലഭ്യമാക്കാൻ ഉദ്ദേശിച്ചും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെയും സംസ്കരണ നടപടികൾ ഫലവത്താക്കുകയാണ് ഉദ്ദേശ്യം. അടുത്ത മാസം കൊച്ചിയിൽ മാലിന്യ സംസ്കരണത്തിന്റെ ആധുനിക മാതൃകകളുടെ പ്രദർശനം നടത്തും. നാം സൃഷ്ടിക്കുന്ന മാലിന്യം നമുക്കു വേണ്ടിയും നാടിനു വേണ്ടിയും നീക്കം ചെയ്യുന്നവരാണ് ഹരിതകർമ സേന. ആ സേവനത്തിന് സർക്കാർ ഏർപ്പെടുത്തിയ 50 രൂപ ഫീസ് അധികമല്ല.’ – മന്ത്രി എം.ബി. രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here