‘ഉണ്ണി മുകുന്ദന്‍ സമാജം സ്റ്റാര്‍’, ഞാന്‍ മകരസംക്രാന്തി സ്റ്റാറെന്ന് പറയാന്‍ നീയാരടാ; വീട്ടില്‍ വന്ന് അടിക്കുമെന്ന് ഭീഷണി; മലപ്പുറത്തേക്ക് വാടായെന്ന് വ്‌ളോഗര്‍; വെല്ലുവിളി ഏറ്റെടുക്കാതെ പൂരത്തെറി വിളിച്ച് ഉണ്ണി

0
261

മാളികപ്പുറം സിനിമയെ യുട്യൂബിലൂടെ വിമര്‍ശിച്ച വ്‌ളോഗറെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയില്‍ ഭക്തി വിറ്റാണ് ഹിറ്റടിച്ചതെന്നും ഉണ്ണി മുകുന്ദന്‍ ‘സമാജം സ്റ്റാര്‍ ആണെന്നും വ്‌ളോഗറായ സായി കൃഷ്ണ വിമര്‍ശിച്ചു. ഇതു സംബന്ധിച്ച് മൂന്നു വീഡിയോകള്‍ അദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മാളികപ്പുറം സിനിമയില്‍ അഭിനയിച്ച കൊച്ചുകുട്ടിയെയും സായി വിമര്‍ശിച്ചു.

ഇതോടെ ഉണ്ണി മുകുന്ദന്‍ മലപ്പുറം സ്വദേശിയായ ഇയാളെ നേരിട്ട് വിളിക്കുകയായിരുന്നു. സൗഹൃദത്തില്‍ തുടങ്ങിയ സംഭാഷണത്തിനെടുവില്‍ ഉണ്ണി മുകുന്ദന്‍ പെട്ടന്ന് പ്രകോപിതനാകുകയായിരുന്നു. താന്‍ ഒരു അയ്യപ്പ വിശ്വാസിയാണെന്ന് ഉണ്ണി സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ ഭക്തിവിറ്റിട്ട് പൈസ ഉണ്ടാക്കിയെന്ന് തനിക്ക് തോന്നുന്നുണ്ടോയെന്ന് ഉണ്ണി വ്‌ളോഗറോട് ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി ഉണ്ണി മുകുന്ദന്‍ ഭക്തിവിറ്റിട്ട് തന്നെയാണ് മാളികപ്പുറം ഹിറ്റാക്കിയതെന്ന് സായി മറുപടി നല്‍കി. ഇതോടെ പ്രകോപിതനായ ഉണ്ണി മുകുന്ദന്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. താന്‍ മകരസംക്രാന്തി സ്റ്റാര്‍ ആണെന്ന് പറയാന്‍ താന്‍ ആരാണെന്ന് ഉണ്ണി സംഭാഷണത്തില്‍ വെല്ലുവിളിക്കുകയും ചെയ്തു.

എന്റെ ഇഷ്ടം, എന്റെ ചാനല്‍ എനിക്ക് ഇഷ്ടമുള്ളത് പറയുമെന്ന് സായി മറുപടി നല്‍കുന്നുണ്ട്. എന്റെ വീട് മലപ്പുറം കോള്‍മണ്ണയാണ് നേരിട്ട് വരാന്‍ ഉണ്ണിമുകുന്ദനെ വ്‌ളോഗര്‍ വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍ എറണാകുളത്തേക്ക് വരാനാണ് ഉണ്ണിമുകുന്ദന്‍ തിരിച്ച് പറയുന്നത്. തന്റെ അച്ഛനെയും അമ്മയെയും കുടുംബത്തെയും വരെ വീഡിയോയിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് പറയുന്നത്. ഈ തെറി മൊത്തവും നിനക്കാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടന്‍ സിനിമയെ പ്രചരിപ്പിക്കുന്നത്. സിനിമയെ പറ്റി ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ല, പറഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. നീ ഭക്തി വിറ്റ് ജീവിച്ചാല്‍ ഞാന്‍ വീഡിയോ ഇട്ട് ജീവിക്കുമെന്നും അദേഹം പറഞ്ഞു. തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് തെറി പറയാന്‍ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തില്‍ തന്നെ നടനോട് തിരിച്ചടിച്ചതെന്നും സീക്രെട്ട് ഏജന്റ് വ്യക്തമാക്കി.

സംഭവം വിവാദമായപ്പോള്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്.

Please spare a minute or two:
തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാന്‍ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്ടുമ്പില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാന്‍ലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്..

എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേര്‍സനല്‍ പരാമര്‍ശങ്ങളോടാണ്.
നിങ്ങള്‍ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയാന്‍ ഒരു യുക്തിയുമില്ലാ .
എന്നെ വളര്‍ത്തിയവര്‍ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാന്‍ സാധിക്കു.
എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാന്‍ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളില്‍ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാല്‍ സിനിമ അഭിപ്രായങ്ങള്‍ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നെ ഞാന്‍ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോണ്‍ കോള്‍ റെക്കോര്‍ഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോര്‍ഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോര്‍ഡ് ആവണം … അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം എന്തും ആയിക്കോട്ടേ
പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.
പക്ഷെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ മുന്‍പോട്ട് പോവുകയാണ്.
ഒരു കാര്യം പറയാം ഞാന്‍ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാന്‍ പറഞ്ഞിട്ടില്ലാ ..

സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ ” ഫ്രീഡം ഓഫ് സ്പീച്ച് ‘ എന്നു പറഞ്ഞു വീട്ടുകാരേ
മോശമായി കാണിക്കരുത് , സിനിമയില്‍ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേള്‍ക്കാന്‍ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.

ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാന്‍ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേല്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . ഒരു സിനിമ ചെയ്തു, അതിനെ വിമര്‍ശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാന്‍ പറ്റില്ല ..
ഉണ്ണി എന്ന ഞാന്‍ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു, സത്യം എന്തെന്നാല്‍ ഞാന്‍ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാര്‍ത്ഥിച്ചും പ്രയത്‌നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി . വാക്കുകള്‍കൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്‌നേഹം മാത്രം . See u at the movies – Love u all ?? മാളികപ്പുറം തമിഴ് തെലുങ്ക് വേര്‍ഷനുകള്‍ റിലീസ് ആവുകയാണ്. പ്രാര്‍ത്ഥിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here