ആപ്പിളിന് പിന്നാലെ ആന്‍ഡ്രോയിഡ് ഫോണുകളിലും സാറ്റലൈറ്റ് കണക്ടിവിറ്റി വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

0
138

ആപ്പിള്‍ 14ന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ഫീച്ചര്‍. ഇപ്പോഴിതാ ആന്‍ഡ്രോയിഡിലും സാറ്റലൈറ്റ് കണക്ടിവിറ്റി വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. കാടുകളിലും മലയോര പര്‍വതമേഖലകളിലുമെല്ലാം സാഹസിക യാത്രകള്‍ക്കും മറ്റും പോവുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ജീവന്‍രക്ഷാ സംവിധാനമായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കാം.

സാറ്റലൈറ്റ് ഫോണ്‍ കമ്പനിയായ ഇറിഡിയവും ചിപ് നിര്‍മാതാക്കളായ ക്വാല്‍കോമും ചേര്‍ന്നാണ് ആന്‍ഡ്രോയിഡില്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും സാറ്റലൈറ്റുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും. ആപ്പിളില്‍ അടിയന്തര സാഹചര്യങ്ങളില്‍ സഹായമഭ്യര്‍ഥിക്കാനാണ് ഈ സൗകര്യം ഉപയോഗിച്ചുവരുന്നത്.

പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളിലാകും ആദ്യഘട്ടത്തില്‍ ഈ ഫീച്ചര്‍ വരിക. സ്‌നാപ്പ്ഡ്രാഗണ്‍ സാറ്റലൈറ്റ് എന്നാകും എന്നാകും ആന്‍ഡ്രോയിഡിലെ സാറ്റലൈറ്റ് കണക്ടിവിറ്റി അറിയപ്പെടുക. മൊബൈലുകള്‍ക്ക് പുറമെ ലാപ്‌ടോപ്പിലും ടാബുകളിലും ഒക്കെ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ക്വാല്‍കോം തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എങ്ങനെയാണ് ആപ്പിളില്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റെ പ്രവര്‍ത്തനം

അടിയന്തര സാഹചര്യങ്ങില്‍ അടിയന്തര സേവനങ്ങളെ ഫോണ്‍കോളിലൂടെയും സന്ദേശങ്ങളിലൂടെയും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് കിട്ടുന്നില്ല എന്നിരിക്കട്ടെ. ഈ സമയം ഐഫോണ്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റിയിലൂടെ ആ ആശയവിനിമയം സാധ്യമാക്കാന്‍ സഹായിക്കും.

ഫോണില്‍ നെറ്റ് വര്‍ക്ക് ഇല്ല എന്ന് മനസിലാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ‘എമര്‍ജന്‍സി ടെക്സ്റ്റ് വയ സാറ്റലൈറ്റ്’ എന്ന ഓപ്ഷന്‍ ഫോണില്‍ കാണാന്‍ സാധിക്കും. ഇത് തിരഞ്ഞെടുത്താല്‍ പുതിയൊരു ഇന്റര്‍ഫെയ്സിലേക്കാണ് ചെന്നെത്തുക. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഏറ്റവും അടുത്തുള്ള ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ അവിടെ നിന്ന് സാധിക്കും.

ഇങ്ങനെ ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിയുന്നതും തുറസായ ആകാശം കാണുന്നയിടത്താണ് നിങ്ങള്‍ നില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തുക. സന്ദേശങ്ങള്‍ അയക്കാന്‍ ഏകദേശം 15 സെക്കന്റ് എങ്കിലും എടുക്കും. മരങ്ങള്‍ നിറഞ്ഞയിടങ്ങളിലാണ് നില്‍ക്കുന്നത് എങ്കില്‍ ഒരു മിനിറ്റിലേറെ സമയം ഒരു സന്ദേശം അയക്കാന്‍ വേണ്ടിവരും.

അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായുള്ള അടിയന്തര സേവനങ്ങളെ ബന്ധപ്പെടുന്നതിന് വേണ്ടിയാണീ ഫീച്ചര്‍ ഉപയോഗിക്കുക. ഇതുവഴി അയക്കുന്ന സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കപ്പെടുക. എന്നാല്‍ അടിയന്തര സേവന ദാതാക്കള്‍ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കും ഈ സന്ദേശം കാണാനും അതിനനുസരിച്ച് സേവനം നല്‍കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here