ഫോണ്‍വിളി കെണിയായി; യുക്രൈന്‍ മിസൈല്‍ ലക്ഷ്യം കണ്ടു, റഷ്യക്ക് നഷ്ടമായത് 89 സൈനികരെ

0
186

മോസ്കോ: യുക്രൈന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് കാരണം സൈനികര്‍ക്കിടയിലെ അനധികൃതമായ സ്മാര്‍ട്‌ഫോണ്‍ ഉപയോഗമാണെന്ന് കുറ്റപ്പെടുത്തി റഷ്യന്‍ അധികൃതര്‍. മകിവ്കയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ 89 സൈനികരെയാണ് റഷ്യയ്ക്ക് നഷ്ടമായത്.

സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് വ്യക്തമാക്കിയ ലഫ്റ്റനന്റ് ജനറല്‍ സെര്‍ഗെ സെവ്രിക്കോവ്, നിരോധനം മറികടന്ന് ശത്രുക്കളുടെ ആയുധങ്ങളുടെ ശ്രദ്ധയില്‍പ്പെടും വിധം സൈനികര്‍ വ്യാപകമായ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് ഈ തിരിച്ചടിക്ക് കാരണമായതെന്ന് പറഞ്ഞു.

ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്, ശത്രുക്കള്‍ക്ക് സൈനികരുടെ ലൊക്കേഷന്‍ കണ്ടെത്താനും കൃത്യമായി മിസൈല്‍ ലക്ഷ്യത്തിലെത്തിച്ചുവെന്നാണ് റഷ്യന്‍ കണ്ടെത്തല്‍. പുതുവത്സര ദിനത്തില്‍ മോസ്‌കോ സമയം അര്‍ധരാത്രി 12.01 ന് ആറ് റോക്കറ്റുകളാണ് മക് വികയിലേക്ക് തൊടുത്തത്. ഇതില്‍ രണ്ടെണ്ണം തകര്‍ക്കാന്‍ റഷ്യക്ക് കഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള കൃത്യമായി ലക്ഷ്യത്തില്‍ പതിച്ചു. ഒറ്റയടിക്ക് റഷ്യക്ക് നഷ്ടമായത് 89 സൈനികരെ.

നേരത്തെ 63 സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ലഭിച്ചിരുന്ന വിവരം. എന്നാല്‍ ഇത് പിന്നീട് 89 ആയി ഉയര്‍ന്നു. യുക്രൈനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് ആദ്യമായാണ് ഇത്രയും സൈനികരെ ഒന്നിച്ച് നഷ്ടപ്പെടുന്നത്.

അതേസമയം സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് റഷ്യന്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മകിവ്കയിലെ ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് സൈനികര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.

സൈനികരുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെക്കുന്നതിനെതിരെ നേരത്തെ തന്നെ അധികൃതര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. ഇതിന് പുറമെ മരണങ്ങള്‍ക്ക് കാരണം സൈനികരുടെ തന്നെ അശ്രദ്ധയാണെന്ന വിമര്‍ശനം കൂടി വന്നതോടെ സൈനികരുടെ ബന്ധുക്കളും നാട്ടുകാരും അധികൃതര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

നേരത്തെ മോസ്‌ക്വ എന്ന കപ്പല്‍ തകര്‍ന്ന് സൈനികര്‍ മരിച്ച സംഭവം ദിവസങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ പുറത്തുവിട്ടത്. മാത്രവുമല്ല കപ്പല്‍ തകര്‍ത്തത് യുക്രൈന്‍ മിസൈല്‍ പതിച്ചാണെന്ന് റഷ്യ ഇതുവരെ സമ്മതിച്ചിട്ടുമില്ല.

സമാറ എന്ന റഷ്യന്‍ നഗരത്തില്‍ നിന്നുള്ളവരാണ് മകിവ്കയില്‍ കൊല്ലപ്പെട്ട സൈനികരില്‍ കൂടുതല്‍ പേരും. ഈ മേഖലയില്‍ നിന്ന് വലിയ പ്രതിഷേധമാണ്‌ പ്രതിരോധമന്ത്രാലയത്തിന് നേരെ ഉയരുന്നത്. അധികൃതര്‍ തങ്ങളുടെ പ്രീയപ്പെട്ടവരെ ബലിയാടാക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തുകയാണവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here