മൂന്ന് വര്‍ഷത്തിനുശേഷം സെഞ്ചുറി, പോണ്ടിങ്ങിന്റെയും ജയസൂര്യയുടെയും റെക്കോഡിനൊപ്പം രോഹിത്

0
78

ഇന്ദോര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിക്കൊണ്ട് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് രോഹിത് മൂന്നക്കം കണ്ടെത്തി.

മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 85 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 101 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 509 ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും സെഞ്ചുറി നേടിയത്. 2021 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് രോഹിത് അവസാനമായി മൂന്നക്കം കണ്ടത്. പിന്നീട് എല്ലാ ഫോര്‍മാറ്റിലുമായി 53 ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും 12 അര്‍ധസെഞ്ചുറി മാത്രമാണ് നേടാനായത്.

രോഹിത്തിന്റെ ഏകദിനത്തിലെ 30-ാം സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യന്‍ നായകന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്തി. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡാണ് രോഹിത് നേടിയത്. പോണ്ടിങ്ങിനും 30 സെഞ്ചുറിയാണുള്ളത്.

സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാമത്. സച്ചിന്റെ അക്കൗണ്ടില്‍ 49 സെഞ്ചുറികളുണ്ട്. 46 സെഞ്ചുറികളുമായി ഇന്ത്യയുടെ തന്നെ വിരാട് കോലിയാണ് പട്ടികയില്‍ രണ്ടാമത്.

മൂന്ന് വര്‍ഷത്തിനുശേഷമാണ് രോഹിത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് താരം ഇതിന് മുന്‍പ് സെഞ്ചുറി നേടിയത്. ജനുവരി 19 ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ഓപ്പണറായി ഇറങ്ങി ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന ശ്രീലങ്കയുടെ സനത് ജയസൂര്യയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. ഓപ്പണറായി ഇറങ്ങി ഏകദിനത്തില്‍ 28 സെഞ്ചുറികളാണ് താരം അടിച്ചുകൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here