അന്ന് ജാവേദ് മിയാന്‍ദാദ്, ഇന്ന് രോഹിത് ശര്‍മ;ടോസിനുശേഷം എന്ത് ചെയ്യണമെന്നറിയാതെ 2 നായകന്‍മാര്‍

0
149

റായ്പൂര്‍:ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കണോ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കണോ എന്ന കാര്യം മറന്നു പോയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ഒരു മുന്‍ഗാമിയുണ്ട് ക്രിക്കറ്റില്‍. മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. 1981ല്‍ ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസറ്റിലായിരുന്നു നാടകീയ സംഭവം. ടോസ് നേടിയ ജാവേദ് മിയാന്‍ദാദിനോട് അവതാരകന്‍ എന്ത് തെരഞ്ഞെടുക്കുന്നു എന്ന് ചോദിക്കുമ്പോള്‍ എനിക്കറിയില്ല, ഡ്രസ്സിംഗ് റൂമില്‍ പോയി ചര്‍ച്ച ചെയ്തശേഷം പറയാമെന്നായിരുന്നു അന്ന് മിയാന്‍ദാദ് മറുപടി നല്‍കിയത്.

എന്നാല്‍ അത് പറ്റില്ലെന്നും തീരുമാനം ഇപ്പോള്‍ പറയണമെന്നും അവതാരകന്‍ മിയാന്‍ദാദിനോട് പറയുന്ന വീഡിയോ ആണ് രോഹിത് ശര്‍മയുടെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ഡ്രെന്‍ഡിംഗ് ആയത്. ഒരു വര്‍ഷം മുമ്പ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ നമ്മള്‍ ബയോ ഡാറ്റയില്‍ എല്ലായ്പ്പോഴും തീരുമാനങ്ങള്‍ എടുക്കാന്‍ മിടുക്കനാണ് എന്ന് എഴുതിവെക്കും പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുക ഇങ്ങനെയായിരിക്കും എന്ന് പറഞ്ഞ് മിയാന്‍ദാദിന്‍റെ വീഡിയോ പങ്കുവെച്ചിരുന്നു.

ഇന്ന് ന്യൂസിലന്‍ഡിനെതിരെ രോഹിത്താണ് ടോസ് ജയിച്ചത് എന്ന് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് അറിയിച്ചശേഷമായിരുന്നു അദ്ദേഹത്തിന് എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പമുണ്ടായത്.സാധാരണഗതിയില്‍ ടോസ് ജയിച്ച ഉടന്‍ ബാറ്റിംഗാണോ ഫീല്‍ഡിംഗാണോ തെരഞ്ഞെടുക്കുന്നത് എന്നത് ക്യാപ്റ്റന്‍മാര്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ രോഹിത്ത് എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ കുഴങ്ങി- നെറ്റിയിലൊക്കെ തടവി എന്ത് തെരഞ്ഞെടുക്കണമെന്ന് കുറച്ചു നേരം ആലോചിച്ചു നിന്ന രോഹിത് ഒടുവില്‍ ചെറു ചിരിയോടെ ഫീല്‍ഡിംഗ് എന്ന് ടോം ലാഥമിനെ അറിയിക്കുകയായിരുന്നു.

എന്തായിരുന്നു ആശയക്കുഴപ്പമെന്ന് രവി ശാസ്ത്രി പിന്നീട് ചോദിച്ചപ്പോള്‍, ടോസ് നേടിയാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ടീം മീറ്റിംഗില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അവസാനം എന്താണ് തീരുമാനിച്ചതെന്ന് മറന്നുപോയതായിരുന്നുവെന്നും രോഹിത് ചിരിയോടെ പറഞ്ഞു. എന്ത് ചെയ്യണമെന്ന് ഓര്‍ത്തെടുക്കാനാണ് കുറച്ച് സമയം ആലോചിച്ചതെന്നും രോഹിത് രവി ശാസ്ത്രിയോട് പറഞ്ഞിരുന്നു. രോഹിത്തിന്‍റെ തീരുമാനം എന്തായാലും തെറ്റിയില്ല. ആദ്യം ബൗള്‍ ചെയ്ത ഇന്ത്യ 34.3 ഓവറില്‍ 108 റണ്‍സിന് കിവീസിനെ എറിഞ്ഞിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here