കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ പഠനം വഴിമുട്ടി; കോളേജുകളില്‍ നിന്നും വിടപറഞ്ഞത് ആയിരത്തിലധികം പെണ്‍കുട്ടികള്‍: റിപ്പോര്‍ട്ട്

0
160

കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ഹൈക്കോടതിയും ശരിവെച്ചതിന് പിന്നാലെ ആയിരത്തിലധികം വിദ്യാര്‍ത്ഥിനികള്‍ പഠനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) കര്‍ണാടക യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

കര്‍ണാടകത്തിലെ ഹസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുര്‍ ജില്ലകളിലാണ് പിയുസിഎല്‍ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളില്‍ അധ്യാപകരും സഹപാഠികളും മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നു. നിരവധി വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങള്‍ മാറിതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരിയിലാണ് ഹിബാജ് വിവാദം കര്‍ണാടകയില്‍ രൂക്ഷമായത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ പി.യു കോളജില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് മാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചു. മറ്റു ചില വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബിനെ പിന്തുണച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ നീല നിറത്തിലുള്ള ഷാള്‍ ധരിച്ച് എത്തി. സംഘര്‍ഷം കര്‍ണാടകയിലെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരുന്നു. തുടര്‍ന്ന് വിദ്യര്‍ത്ഥിനികള്‍ കേസുമായി ഹൈക്കോടതിയെ സമീപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ചിതിനെ ചോദ്യം ചെയ്ത് ഉഡുപ്പിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടയാന്‍ നിയമമില്ലെന്നാണ് വിദ്യാര്‍ഥികള്‍ വാദിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് കീഴിലാണ് ഹിജാബ് സംരക്ഷിക്കപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍, കോടതി ഈ വാദങ്ങളെല്ലാം കര്‍ണ്ണാടക ഹൈക്കോടതി തള്ളി. ഹിജാബ് അനിവാര്യമല്ലന്നും, മൗലികാവകാശമല്ലന്നും ഇക്കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയാണ് ഉണ്ടായത്. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here