ഇന്ത്യയിൽ ആന്‍ഡ്രോയിഡ് ഫോണുകൾക്ക് വില കൂടും?; കനത്ത പിഴ തിരിച്ചടിയാകും, മുന്നറിയിപ്പുമായി ഗൂഗിള്‍

0
112

ദില്ലി: രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർധിക്കാൻ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. വിധി ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിൾ പറയുന്നു. 2022 ലാണ് വ്യത്യസ്ത ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിനായിരുന്നു ഒരു പിഴ. 1337 കോടി രൂപയായിരുന്നു പിഴ തുക.

പ്ലേ സ്റ്റോർ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിൽ തങ്ങളുടെ ആപ്പുകൾ ആധിപത്യം സ്ഥാപിക്കുന്നു എന്നുറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ഗൂഗിൾ സ്മാർട് ഫോൺ നിർമാതാക്കളുമായി കരാറുകളിൽ ഏർപ്പെട്ടതായി സിസിഐ നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സിസിഐയുടെ പുതിയ വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഗൂഗിൾ. സിസിഐയുടെ പുതിയ നീക്കം ഇന്ത്യയിലെ ആൻഡ്രോയിഡുകളുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഗൂഗിൾ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാനായി സ്മാര്‌ട്ട് ഫോൺ നിർമ്മാതാക്കളുമായി ഗൂഗിള്‌ കൈകോർക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ആന്റിട്രസ്റ്റ് വാച്ച്‌ഡോഗ് സിസിഐയാണ് ഇത് സംബന്ധിച്ച ആരോപണം ഉയർത്തിയത്. കൂടാതെ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളെ നിർബന്ധിക്കരുതെന്നും സിസിഐ ചൂണ്ടിക്കാണിച്ചിരുന്നു. ബില്ലിങ്ങിനോ പേയ്‌മെന്റുകൾക്കോ മറ്റ് കമ്പനികളുടെ പേയ്മെന്റ് സേവനം ഉപയോഗിക്കുന്നതിനോ തടസമുണ്ടാക്കരുതെന്നും, ആൻഡ്രോയിഡ് ആപ്പ് ഡവലപ്പർമാരെ ഇത് സംബന്ധിച്ച കുരുക്കുകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സിസിഐ പറഞ്ഞിരുന്നു. കൂടാതെ ഫോൺ ഉപഭോക്താക്കൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും കമ്പനി ആദ്യമേ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സിസിഐയുടെ ഉത്തരവ്  രാജ്യത്ത് ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമാക്കാനുള്ള ശ്രമങ്ങൾക്ക് തടയാകുമെന്നാണ് ഗൂഗിൾ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here