ന്യൂകാസിൽ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്താൽ ക്രിസ്റ്റ്യാനോ വായ്പയിലെത്തും; കരാർ വിശദാംശങ്ങൾ പുറത്ത്

0
234

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കരാറിൽ വളരെ പ്രത്യേകതയുള്ള ഒരു ധാരണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്ത പണക്കാരായ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ സീസൺ അവസാനിപ്പിച്ചാൽ ക്ലബിൽ വായ്പാടിസ്ഥാനത്തിൽ കളിക്കാൻ അനുവദിക്കണമെന്നതാണ് ധാരണ. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ആണ് ന്യൂകാസിലിൻ്റെ ഉടമകൾ.

പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമിന് വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയും. വീണ്ടും ചാമ്പ്യൻസ് ലീഗിൽ കളിക്കുക എന്നതാണ് ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ ആദ്യ നാല് സ്ഥാനങ്ങൾക്കുള്ളിൽ ഫിനിഷ് ചെയ്യാൻ സാധ്യത ഏറെയാണ്. 2025 വരെയാണ് അൽ നസ്റുമായി ക്രിസ്റ്റ്യാനോയ്ക്ക് കരാറുള്ളത്.

റൊണാൾഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ റിയാദ് എയർ പോർട്ടിലെത്തിയ റൊണാൾഡോയ്ക്ക് മർസൂൽ പാർക്കിൽ വൻ സ്വീകരണമാണ് സൗദി സ്‌പോർട്‌സ്, അൽ നസർ ക്ലബ് അധികൃതർ ഒരുക്കിയത്.

ഭാര്യ, മക്കൾ, നിയമോപദേശകർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ക്രിസ്റ്റ്യാനോ റിയാദിലെത്തിൽ ഇറങ്ങിയത്. സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക. അവസാന മെഡിക്കൽ ടെസ്റ്റിന് ഇന്ന് ക്രിസ്റ്റ്യാനോ വിധേയനാകും. ശേഷം വൈകീട്ട് ഏഴിന് അൽ-നസർ ക്ലബിന്റെ ഹോംഗ്രൗണ്ടിൽ സ്വീകരണമാണ്. താരത്തിന്റെ ഏഴാം നമ്പർ അൽ-നസർ ജഴ്‌സി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഒരു ജഴ്‌സിക്ക് വില 414 റിയാലാണ്.

48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്‌സികളാണ് സൗദിയിൽ വിറ്റുപോയത്. ഇതുവഴി മാത്രം അൽ-നസ്ർ ക്ലബിന് രണ്ടു ദിവസത്തിനിടെ 82 കോടി റിയാലാണ് കിട്ടിയത്.പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്ത്യാനോയുടെ കരാർ. ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here