ജിമ്മില്‍ നിന്ന് പൊലീസിന് ഫോണ്‍ കോള്‍; പൊലീസെത്തി അന്വേഷിച്ചപ്പോള്‍ പരാതിക്കാരില്ല!

0
172

സ്മാര്‍ട് ഫോണ്‍, സ്മാര്‍ട് വാച്ച്, ഐ-പാഡ് എന്നിങ്ങനെ മനുഷ്യര്‍ക്ക് പ്രയോജനപ്രദമാകുന്ന ഉപകരണങ്ങള്‍ ഇന്ന് പലതാണ്. ധാരാളം കാര്യങ്ങള്‍ക്ക് ഇവ നമുക്ക് സഹായകമാകാറുണ്ട്. സമയം അറിയുക, കോള്‍ ചെയ്യുക, ടെക്സ്റ്റ് ചെയ്യുക എന്നിങ്ങനെയെല്ലാമുള്ള അടിസ്ഥാനാവശ്യങ്ങള്‍ക്ക് പുറമെ ഒരുപാട് കാര്യങ്ങള്‍ക്ക് ഇവയെ എല്ലാം ആശ്രയിക്കുന്നവര്‍ ഏറെയാണ്.

എന്നാല്‍ ഉപകാരങ്ങള്‍ ഉള്ളത് പോലെ തന്നെ ചില പ്രശ്നങ്ങള്‍ ഇത്തരം ഉപകരണങ്ങള്‍ക്കുമുണ്ടാകാം. അത് ചിലപ്പോഴെങ്കിലും നമുക്ക് വിനയായും വരാം. അങ്ങനെയൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടെ ഒരു ജിമ്മില്‍ നിന്ന് പൊലീസിന്‍റെ എമര്‍ജൻസി ഹെല്‍പ്‍ലൈനിലേക്ക് ഒരു കോള്‍ വന്നു. ഇതോടെ പൊലീസ് നേരെ സ്ഥലത്തേക്ക് തിരിച്ചു.

ജിമ്മിലെത്തി എന്താണ് പ്രശ്നം, ആരാണ് സഹായത്തിനായി വിളിച്ചത് എന്ന് ചോദിച്ചപ്പോഴാണ് സംഭവം പാളിയെന്ന് പൊലീസിനും മനസിലാകുന്നത്. ജിമ്മിലുള്ള ആര്‍ക്കും അങ്ങനെയൊരു കോളിനെ കുറിച്ച് അറിവില്ല. അവരാരും വിളിച്ചിട്ടില്ലെന്നും തറപ്പിച്ച് പറഞ്ഞു.

തുടര്‍ന്ന് പൊലീസ് ജിമ്മില്‍ ആകെ പരിശോധന നടത്തി. ഇതിനിടെ കോള്‍ വന്നത് എവിടെ നിന്നാണെന്നും പൊലീസ് കണ്ടെത്തി. ജിമ്മിലെ തന്നെ ഒരു ട്രെയിനറുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നിരിക്കുന്നത്. എന്നാലിദ്ദേഹത്തിന് ഇതെക്കുറിച്ച് അറിവുമില്ല. പക്ഷേ ഡയല്‍ഡ് നമ്പറുകളില്‍ അവസാനം പൊലീസ് എമര്‍ജൻസ് ഹെല്‍പ്‍ലൈൻ നമ്പര്‍ കിടക്കുന്നുമുണ്ട്.

സംഭവിച്ചത് എന്താണെന്നത് പിന്നീടാണ് ഏവര്‍ക്കും വ്യക്തമാകുന്നത്. ബോക്സിംഗ് ട്രെയിനറായ ജെയ്‍മി അലെയ്ൻ തന്‍റെ ആപ്പിള്‍ വാച്ച് ധരിച്ചുകൊണ്ട് ഒരാളെ പരിശീലിപ്പിക്കുകയായിരുന്നു. ഇതിനിടെ പലവട്ടം വാച്ചിലെ ബട്ടണുകള്‍ ഞെങ്ങി അനാവശ്യമായി ഓരോ ഓപ്ഷനുകള്‍ തുറന്നുവരുന്നുണ്ടായിരുന്നു. ഇതോടെ ഇദ്ദേഹം വാച്ച് ഊരി മാറ്റിവച്ചു.

എന്നാല്‍ ആപ്പിള്‍ ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനായ ‘സിറി’, ജെയ്‍മി ട്രെയിൻ ചെയ്തുകൊണ്ടിരിക്കുന്ന ആള്‍ക്ക് നല്‍കിയ ചില നിര്‍ദേശങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ട്രെയിനിംഗ് സമയത്ത് എണ്ണിക്കൊണ്ട് ഓരോ വര്‍ക്കൗട്ടും ചെയ്യിക്കുന്നതിനിടെ 1-1-2 എന്ന് ജെയ്‍മി പറഞ്ഞതും, ‘ഗുഡ് ഷോട്ട്’ എന്ന് പറഞ്ഞതും ‘സിറി’ തെറ്റിദ്ധരിച്ച് എമര്‍ജൻസി നമ്പറായ 112 ലേക്ക് കോള്‍ ചെയ്യുകയായിരുന്നു.

എന്തായാലും സംഭവത്തിന്‍റെ നിജസ്ഥിതി അറിഞ്ഞതോടെ പൊലീസ് പിന്മാറി. എങ്കിലും ഒരു കോള്‍ വന്ന ഉടനെ തന്നെ സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കാൻ പൊലീസ് കാണിച്ച മനസിന് ജിമ്മിലുള്ളവര്‍ നന്ദി അറിയിച്ചു. അക്കാര്യം തങ്ങളെ വളരെയധികം സ്വാധീനിച്ചുവെന്ന് ജെയ്‍മി അലെയ്‍ൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here