ജയിച്ചാലും തോറ്റാലും അര്‍ജന്‍റീനക്കും ഫ്രാന്‍സിനും കൈനിറയെ പണം; ലോകകപ്പ് സമ്മാനത്തുക ഇങ്ങനെ

0
335

ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും ഞായറാഴ്ച കിരീടപ്പോരാട്ടത്തിനിറങ്ങുകയാണ്. ഫൈനലില്‍ ജയിച്ചാലും തോറ്റാലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് കോടികളാണ്. അതും ഒന്നോ പത്തോ നൂറോ കോടിയല്ല. ലോകകപ്പ് ജേതാക്കൾക്ക് 42 മില്യണ്‍ ഡോളറാണ്(ഏകദേശം 348 കോടി രൂപ) സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരാവുന്നവര്‍ക്കും കിട്ടും കൈനിറയെ പണം. 30 മില്യണ്‍ ഡോളറാണ്(ഏകദേശം 248കോടി രൂപ) രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ലഭിക്കുക. നാളെ നടക്കുന്ന മൊറോക്കോ-ക്രൊയേഷ്യ ലൂസേഴ്സ് ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് 27 മില്യണ്‍ ഡോളര്‍(ഏകദേശം 223 കോടി രൂപ) തോറ്റ് നാലാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 മില്യണ്‍ ഡോളറും(ഏകദേശം 207 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.

ക്വാർട്ടർ ഫൈനലിൽ പുറത്തായ നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍ ടീമുകൾക്ക് 17 മില്യണ്‍ ഡോളര്‍ (ഏകദേശം 140 കോടി രൂപ) വീതവും പ്രീക്വാർട്ടർ ഫൈനലിൽ പുറത്തായ യുഎസ്എ, സെനഗല്‍, ഓസ്ട്രേലിയ,പോളണ്ട്, സ്പെയിന്‍, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറയ 13 മില്യണ്‍ ഡോളര്‍(ഏകദേശം 107 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ടൂര്‍ണമെന്‍റില്‍ ആദ്യ റൗണ്ടില്‍ പുറത്തായ മറ്റ് 16 ടീമുകള്‍ക്കും ഒമ്പത് മില്യണ്‍ ഡോളര്‍(ഏകദേശം 74 കോടി രൂപ) വീതവും സമ്മാനത്തുകയായി ലഭിക്കും.

ടീമുകൾക്ക് ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകിയിരുന്നു. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും ഒന്നരമില്യൺ ഡോളർ(11 കോടിയിലേറെ രൂപ) വീതമാണ് ഫിഫ മുന്നൊരുക്കങ്ങള്‍ക്കായി നല്‍കിയത്. ഏഷ്യ വേദിയായ രണ്ടാമത്തെ ലോകകപ്പാണ് ഇത്തവണ ഖത്തറില്‍ നടന്നത്. 2002ൽ ജപ്പാനും കൊറിയയും സംയുക്തമായാണ് ലോകകപ്പിന് വേദിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here